പാലക്കാട്ടെ പാതിരാ പരിശോധന പ്രചാരണായുധമാക്കി മുന്നണികൾ; ചർച്ച സംഘടിപ്പിക്കാനൊരുങ്ങി എൽഡിഎഫ്, പ്രതിരോധിക്കാൻ യുഡിഎഫ്‌

പരിശോധനയ്ക്കിടെ നടന്ന സംഘർഷത്തിൽ ഹോട്ടലുടമയുടെ പരാതിയിൽ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു

Update: 2024-11-07 02:02 GMT
Editor : rishad | By : Web Desk
Advertising

പാലക്കാട്: ഹോട്ടലിലെ പൊലീസ് പരിശോധന പ്രചാരണായുധമാക്കി മുന്നണികൾ. വിഷയത്തിൽ കോട്ട മൈതാനത്ത് ഇന്ന് എൽഡിഎഫ് ചർച്ച സംഘടിപ്പിക്കും. അതേസമയം  പ്രതിരോധിക്കാനുള്ള പദ്ധതികൾക്കായിരിക്കും യുഡിഎഫ് രൂപം നൽകുക.

സിപിഎം നൽകിയ പരാതിയിൽ പൊലീസ് നടപടിയും ഉണ്ടായേക്കും. പരിശോധനയ്ക്കിടെ നടന്ന സംഘർഷത്തിൽ ഹോട്ടലുടമയുടെ പരാതിയിൽ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം കൽപ്പാത്തി രഥോത്സവത്തിനും ഇന്ന് കൊടിയേറും. കൽപ്പാത്തി കേന്ദ്രീകരിച്ചായിരിക്കും വരും ദിവസങ്ങളിൽ മുന്നണികളുടെ പ്രചാരണം. 

കണ്ടാലറിയുന്ന 10 പേർക്കെതിരെയാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തത്. റെയ്‌ഡ് നടക്കുന്ന സമയം ഹോട്ടലിൽ നിരവധി രാഷ്ട്രീയ പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ ഹോട്ടലിന് കേടുപാടുകൾ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ പരാതി നൽകിയത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെ കേസെടുക്കുകയായിരുന്നു. തുടർനടപടികൾ അടുത്ത ദിവസം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. കള്ളപ്പണം ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ രാത്രി പോലീസ് പരിശോധന നടത്തിയത്.  എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. 

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പാലക്കാട് എസ്.പി.ഓഫീസിലേക്ക് നടന്ന പ്രതിഷേധമാര്‍ച്ച് സംഘര്‍ശഷത്തില്‍ കലാശിച്ചിരുന്നു. പൊലീസും പ്രവര്‍ത്തകരും ഉന്തുംതള്ളുമുണ്ടായി. കോട്ടമൈതാനത്ത് നടന്ന പ്രതിഷേധത്തില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി., കെ. സുധാകരന്‍, ഷാഫി പറമ്പില്‍ എം.പി. തുടങ്ങിയവരടക്കം സംസാരിച്ചു. തുടര്‍ന്ന് നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. പൊലീസ് റെയ്ഡ് ആസൂത്രിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആരോപിച്ചിരുന്നു. ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പൊലീസ് നടപടി തടഞ്ഞ കോണ്‍ഗ്രസ് നടപടി എന്തോ ഒളിക്കാന്‍ ഉള്ളതുകൊണ്ടാണെന്നാണ് സിപിഎം നേതാക്കളുടെ നിലപാട്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് രംഗങ്ങളിലെ നിലപാട് സംശയങ്ങള്‍ ജനിപ്പിക്കുന്നതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ ആരോപിച്ചു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News