മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ ആരോപണങ്ങളിൽ രാഷ്ട്രീയ പ്രതിരോധത്തിന് എൽ ഡി എഫ്
ജില്ലകളിൽ റാലിയും വിശദീകരണ യോഗവും സംഘടിപ്പിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ ആരോപണങ്ങളിൽ രാഷ്ട്രീയ പ്രതിരോധത്തിന് എൽ ഡി എഫ്. ജില്ലകളിൽ റാലിയും വിശദീകരണ യോഗവും സംഘടിപ്പിക്കും. ഈ മാസം 21 മുതലാണ് വിശദീകരണ യോഗങ്ങൾ ആരംഭിക്കുക. ഇന്ന് ചേർന്ന എൽഡിഎഫ് യോഗത്തിലാണ് തീരുമാനം.
മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്തുടനീളം ഇന്നും കനത്ത പ്രതിഷേധമാണ് അരങ്ങേറിയത്. മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ ചീമുട്ടയേറുണ്ടായി. മുഖ്യമന്ത്രിക്ക് നേരെ യൂത്ത്കോൺഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു.
ക്ലിഫ് ഹൗസിന് മുന്നിൽ മഹിളാ മോർച്ച പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. നാല് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
അതേ സമയം മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമ ഗൂഢാലോചന ചുമത്തി. ഇവര്‍ മുഖ്യമന്ത്രിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കേസിൽ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നാം പ്രതി സുനിത്ത് കുമാര്‍ ഒളിവിലാണ്.
മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രതികള്‍ കുറ്റകരമായ ഗൂഡാലോചന നടത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 'നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെടാ' എന്ന് ആക്രോശിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് നേരെ പ്രതികള്‍ പാഞ്ഞടുത്തു. വിമാനത്തിന്‍റെ സുരക്ഷക്ക് മൂന്ന് പ്രതികളും ഭീഷണി ഉയര്‍ത്തിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ അനില്‍ കുമാറിനെ പ്രതികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും പൊലീസ് കണ്ടെത്തി.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്ന് വിമാന കമ്പനിയും ആവശ്യപ്പെട്ടു. മൂന്ന് പ്രതികളില്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരെ മെഡിക്കല്‍ കോളേജിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള മൂന്നാം പ്രതി സുനിത് കുമാറിനായി പൊലീസ് തെരച്ചില്‍ തുടങ്ങി. ഇയാളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചത്.