അനുഗ്രഹമായി ജയില്‍വാസവും മോചനവും; രാഹുലിന്‍റെ 'ഹീറോ പരിവേഷം' രാഷ്ട്രീയമായി ഉപയോഗിക്കാൻ കോൺഗ്രസ്
സംഘടനാ ചുമതല ഏറ്റെടുത്ത് രണ്ട് മാസത്തിനുള്ളിൽ ഏതൊരു യുവജന നേതാവിനും ലഭിക്കാവുന്നതിൽവച്ചേറ്റവും വലിയ രാഷ്ട്രീയനേട്ടം കൊയ്ത വ്യക്തിയാകും രാഹുൽ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽമോചിതനായതിനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കോൺഗ്രസ്. രാഷ്ട്രീയപ്രേരിതമായാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന തങ്ങളുടെ വാദത്തിന് ബലംപകരുന്നതാണ് നാല് കേസുകളിൽ രണ്ട് ദിവസം കൊണ്ട് രാഹുലിന് ജാമ്യം ലഭിച്ചതെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. സർക്കാരിനെതിരായ തുടർ പ്രക്ഷോഭ പരിപാടികൾക്ക് രാഹുലിന്റെ തിരിച്ചുവരവ് ഊർജം പകരുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.
സംഘടനാ ചുമതല ഏറ്റെടുത്ത് രണ്ട് മാസത്തിനുള്ളിൽ ഏതൊരു യുവജന സംഘടനാ നേതാവിനും ലഭിക്കാവുന്നതിൽവച്ചേറ്റവും വലിയ രാഷ്ട്രീയനേട്ടം കൊയ്ത വ്യക്തി എന്നാവും രാഹുൽ മാങ്കൂട്ടത്തിലിനെ ഈ ദിവസങ്ങളിലെങ്കിലും വിശേഷിപ്പിക്കുക. വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ സംശയനിഴൽ എത്തിച്ചേർന്ന നേതാവിൽനിന്ന് സർക്കാരിനെതിരെ സമരം നയിച്ച് ജയിലിൽ പോകേണ്ടി വന്ന നേതാവെന്ന പരിവേഷമാണ് രാഹുലിന് ഇനിയുണ്ടാവുക.
ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ യൂത്ത് കോൺഗ്രസ് അടക്കമുള്ള പോഷകസംഘടനകളെ ഉണർത്തിയെടുക്കാൻ വേണ്ടിയും രാഹുലിന്റെ തിരിച്ചുവരവിനെ കോൺഗ്രസ് കാണുന്നുണ്ട്. ഇതിനിടെയാണ് ശനിയാഴ്ച യൂത്ത് കോൺഗ്രസ് അടക്കമുള്ള പോഷകസംഘടനകളെ വിളിച്ചുചേർത്ത് ഒരു യോഗം ചേരാൻ കോൺഗ്രസ് തീരുമാനിച്ചത്. ഇതിൽ ഭാവിപരിപാടികൾ തീരുമാനിക്കപ്പെടും. ജയിലിൽനിന്ന് പുറത്തിറങ്ങിയ സ്ഥിതിക്ക് സർക്കാരിനെതിരെ ആഞ്ഞടിക്കാനാണ് രാഹുലിന്റെ നീക്കവും. അതിന്റെ തുടക്കം ഇന്നലെ പൂജപ്പുര ജില്ലാ ജയിലിന്റെ മുന്നിൽനിന്ന് തന്നെയുണ്ടായി.
പറയാനുള്ളതെല്ലാം ഇന്ന് കെ.പി.സി.സി ഓഫീസിൽ വെച്ച് വാർത്താസമ്മേളനം നടത്തി പറയുമെന്നാണ് രാഹുൽ ഇന്നലെത്തന്നെ വ്യക്തമാക്കിയത്. ഇതിൽ സർക്കാരിനും മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ രാഹുൽ തുറന്നടിക്കുമെന്നുറപ്പാണ്. രാഹുലിന്റെ 'മൈലേജ്' തെരഞ്ഞെടുപ്പിൽ എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന ആലോചന കോൺഗ്രസിൽ തകൃതിയായി നടക്കുന്നുമുണ്ട്.
Summary: Congress to use Youth Congress state president Rahul Mamkootathil's release from jail politically