കോപ്പി - പേസ്റ്റ് ചോദ്യങ്ങള്‍ തയ്യാറാക്കുന്നവര്‍ക്കെതിരെ പി.എസ്.സി ക്രിമിനല്‍ നടപടിക്ക്
ഗൈഡുകളില്‍ നിന്നും ആപ്പുകളില്‍ നിന്നും ചോദ്യങ്ങള്‍ അപ്പാടെ പകര്‍ത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കനത്ത നടപടിക്ക് പി.എസ്.സി ഒരുങ്ങുന്നത്
തിരുവനന്തപുരം: ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ തുടര്‍ച്ചയായി വിവാദങ്ങളുണ്ടാകുന്നതില്‍ കടുത്ത നടപടിയുമായി പി.എസ്.സി. ചോദ്യങ്ങള്‍ പകര്‍ത്തി ക്വസ്റ്റ്യന്‍ പേപ്പര്‍ തയ്യാറാക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാനാണ് പി.എസ്‍.സിയുടെ നീക്കം. ഗൈഡുകളില്‍ നിന്നും ആപ്പുകളില്‍ നിന്നും ചോദ്യങ്ങള്‍ അപ്പാടെ പകര്‍ത്തുന്നുവെന്ന പരാതിയുടെയും വിലയിരുത്തലിന്‍റെയും അടിസ്ഥാനത്തിലാണ് കനത്ത നടപടിക്ക് പി.എസ്.സി ഒരുങ്ങുന്നത്.
ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന പി.എസ്‍.സിയുടെ പ്ലംബര്‍ പരീക്ഷയുടെ 90 ശതമാനം ചോദ്യങ്ങള്‍ ഒരു ഗൈഡില്‍ നിന്നാണെന്ന വാര്‍ത്ത മീഡിയവണ്‍ പുറത്തുവിട്ടിരുന്നു. കോപ്പി പേസ്റ്റ് വസ്തുതയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ പി.എസ്.സി റദ്ദാക്കി. ചോദ്യകര്‍ത്താവിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ നടപടി ചോദ്യങ്ങള്‍ പകര്‍ത്തുന്നത് തടയാന്‍ അഭികാമ്യമല്ലെന്ന വിലയിരുത്തലിലാണ് ശക്തമായ നടപടികളിലേക്ക് കടക്കാന്‍ പി.എസ്‍.സിയെ പ്രേരിപ്പിച്ചത്.
ചോദ്യങ്ങള്‍ അപ്പാടെ പകര്‍ത്തുകയോ മുന്‍ വര്‍ഷങ്ങളിലെ അതേപോലെ ആവര്‍ത്തിക്കുകയോ ചെയ്യരുതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഉത്തരവ് ഇറക്കിയിട്ടും ഫലമുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് അശ്രദ്ധമായി ചോദ്യങ്ങള്‍ തയ്യാറാക്കുന്നവര്‍ക്കെതിരെ ക്രിമിനില്‍ നടപടി കൂടി സ്വീകരിക്കാന്‍ പി.എസ്.സി ആലോചിക്കുന്നത്. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ഇത് സാധ്യമാണെന്ന് പി.എസ്.സി വിലയിരുത്തുന്നത്. വെള്ളിയാഴ്ച നടന്ന അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ അപ്പാടെ പകര്‍ത്തിയതാണെന്ന് പരീക്ഷാര്‍ഥികള്‍ തെളിവ് സഹിതം പി.എസ്.സി ചെയര്‍മാന് പരാതി നല്‍കി. ഇതിലെ അന്വേഷണവും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പി.എസ്.സി തുടര്‍ നടപടികള്‍ സ്വീകരിക്കുക. മുന്‍ വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാറുണ്ടെങ്കിലും ചില ആപ്പിലെ ചോദ്യങ്ങള്‍ അതേപടി ഉള്‍പ്പെടുത്തി അക്ഷരത്തെറ്റ് പോലും മാറ്റാതെ വന്നതിനെയാണ് ചോദ്യംചെയ്യുന്നതെന്നാണ് പരീക്ഷ എഴുതിയവര്‍ പറയുന്നത്.