കേരളത്തില്‍ കോവിഡ് രണ്ടാം ഘട്ട കൂട്ടപരിശോധന ഇന്ന് മുതൽ
പ്രതിദിന കോവിഡ് കണക്ക് ഇരുപതിനായിരത്തോട് അടുക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. കോവിഡ് രണ്ടാംഘട്ട കൂട്ട പരിശോധനയും ഇന്ന് ആരംഭിക്കും. മൂന്ന് ലക്ഷം പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നത്. അതേസമയം രണ്ട് ലക്ഷം ഡോസ് വാക്സിൻ തിരുവനന്തപുരത്ത് ഇന്നെത്തും.
പ്രതിദിന കോവിഡ് കണക്ക് ഇരുപതിനായിരത്തോട് അടുക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. രോഗനിയന്ത്രണത്തിന് സ്വീകരിക്കേണ്ട അടിയന്തര നടപടികളാണ് യോഗത്തിലെ പ്രധാന അജണ്ട. കോവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലും തീരുമാനമുണ്ടാകും. രാത്രി കർഫ്യുവിനൊപ്പം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടോയെന്നും പരിശോധിക്കും. രാവിലെ 11 മണിക്കാണ് യോഗം. ആരോഗ്യമന്ത്രി കെ കെ ശൈലജ, ചീഫ് സെക്രട്ടറി വി പി ജോയി, ഡിജിപി ലോക്നാഥ് ബെഹ്റ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
അതേസമയം മൂന്ന് ലക്ഷം പേരെ പരിശോധിക്കാൻ ലക്ഷ്യമിട്ടുള്ള രണ്ടാംഘട്ട കോവിഡ് കൂട്ടപരിശോധന ഇന്ന് ആരംഭിക്കും. രണ്ടര ലക്ഷം പേരെ പരിശോധിക്കാൻ ലക്ഷ്യമിട്ട ആദ്യ ഘട്ടത്തിൽ മൂന്ന് ലക്ഷത്തിന് മുകളിൽ പരിശോധന നടന്നിരുന്നു. ഇത് വിജയകരമായതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട പരിശോധന. കോവിഡ് വ്യാപനം കൂടുതലുള്ള പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധന നടത്താനാണ് തീരുമാനം.
രൂക്ഷമായ ക്ഷാമം കാരണം ഇന്നും പലയിടങ്ങളിലും വാക്സിനേഷൻ മുടങ്ങിയേക്കും. സംസ്ഥാനത്തിന് അടിയന്തരമായി 50 ലക്ഷം ഡോസ് വാക്സിൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്ന് രണ്ട് ലക്ഷം ഡോസ് വാക്സിൻ എത്തും.