കോവിഡ് വ്യാപനം; പൊലീസിന്‍റെ ഏകോപന ചുമതല മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക്

സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.

Update: 2021-07-27 16:07 GMT
Advertising

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പൊലീസിന്‍റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുതിർന്ന ഐ.പി.എസ് ഓഫീസർമാരെ ചുമതലപ്പെടുത്തി. ഉദ്യോഗസ്ഥര്‍ അതത് ജില്ലകളില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു. വ്യാഴാഴ്ച മുതല്‍ ഈ സംവിധാനം നടപ്പിൽ വരും.

സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നു വീണ്ടും ഇരുപതിനായിരം കടന്നിരുന്നു. 22,129 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,326 ആയി. 13,415 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 

അതേസമയം, കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്ത് കോവിഡ് കേസുകള്‍ ആശങ്കാജനകമായി വര്‍ധിക്കുന്ന 22 ജില്ലകളില്‍ ഏഴെണ്ണവും കേരളത്തിലാണെന്ന് മന്ത്രാലയം വാര്‍ത്താസമ്മേളത്തില്‍ വ്യക്തമാക്കി. കേരളത്തിലെ പത്തു ജില്ലകളിൽ ടി.പി.ആർ പത്ത്ശതമാനത്തിന് മുകളിലാണെന്നും ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളില്‍ കേസുകള്‍ കൂടുകയാണെന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കുകയും ചെയ്തു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News