വ്യാപക അക്രമം: പൊലീസ് കനത്ത ജാഗ്രതയിൽ, കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും

കെ സുധാകരന്‍റെ വീടിനും കെ.പി.സി.സി ഓഫീസിനും സുരക്ഷ ഏര്‍പ്പെടുത്തി

Update: 2022-06-14 00:54 GMT
Advertising

തിരുവനന്തപുരം: കെ.പി.സി.സി ആസ്ഥാനത്തിന് നേരെയുണ്ടായ ഡി.വൈ.എഫ്.ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും. ആക്രമണത്തിന് കോൺഗ്രസ് മുതിരില്ലെന്നും ജനാധിപത്യ രീതിയിലാണ് പ്രതിഷേധം നടത്തുന്നതെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ പറഞ്ഞു. നാടിനെ കലാപത്തിലേക്ക് തള്ളിവിടാനാണ് സി.പി.എം ശ്രമം. ഇ.പി ജയരാജനാണ് ഇതിന് തുടക്കമിട്ടതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

കേരളത്തിന്‍റെ സമാധാനാന്തരീക്ഷം പാടെ തകര്‍ക്കുകയാണ് സി.പി.എം- കോണ്‍ഗ്രസ് സംഘര്‍ഷം. മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം ഉണ്ടായതിന് പിന്നാലെ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും അടക്കമുള്ള ഇടതുപക്ഷ സംഘടനകള്‍ തെരുവില്‍ ഇറങ്ങി. തലസ്ഥാനത്ത് സെക്രട്ടറിയറ്റിന് സമീപമുണ്ടായിരുന്ന കോണ്‍ഗ്രസ് അനുകൂല ഫ്ലക്സ് ബോര്‍ഡുകളും കൊടിയും തകര്‍ത്തു. മുഖ്യമന്ത്രിക്കെതിരായ ഫ്ലക്സുകള്‍ ഡി.വൈ.എഫ്.ഐക്കാര്‍ വലിച്ചുകീറി. തൊട്ടുപിന്നാലെ കെ.പി.സി.സി ആസ്ഥാനത്തേക്ക് ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ കൊടിതോരണങ്ങളും ഫ്ലക്സും തകര്‍ത്തു. ഇന്ദിരാഭവന് മുന്നില്‍ നിര്‍‌ത്തിയിട്ടിരുന്ന കാറിനും കേടുപാടുവരുത്തി. ഈ സമയം എ കെ ആന്‍റണിയും കെ.പി.സി.സി ഓഫീസിലുണ്ടായിരുന്നു. കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് കല്ലെറിഞ്ഞതായി നേതാക്കള്‍ ആരോപിച്ചു.

വി കെ പ്രശാന്ത് എം.എല്‍.എയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

പൌഡിക്കോണത്ത് കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തു. ഓഫീസിനുള്ളിലെ കസേരയും ഫ്ലക്സും നശിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കെ സുധാകരന്‍റെ വീടിനും കെ.പി.സി.സി ആസ്ഥാനത്തും സുരക്ഷ ഏര്‍പ്പെടുത്തി. സംഘര്‍ഷത്തിന് പിന്നില്‍ സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. കാമ്പസുകളില്‍ ഇന്ന് പ്രതിഷേധദിനം ആചരിക്കുമെന്ന് എസ്.എഫ്.ഐ അറിയിച്ചു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News