കള്ളപ്പണമെത്തി; ഹോട്ടൽ പരിശോധനാ വിവാദത്തിൽ സരിന്റെ വാദങ്ങളെ തള്ളി സിപിഎം
സിപിഎം-ബിജെപി ഡീൽ എന്ന് വരുത്തിത്തീർക്കാൻ ഷാഫി പറമ്പില്‍ നടത്തിയ നാടകമാണ് ഹോട്ടലിൽ അരങ്ങേറിയത് എന്നാണ് പി. സരിൻ പറഞ്ഞത്
പാലക്കാട്: ഹോട്ടൽ പരിശോധനയിൽ എൽഡിഎഫ് സ്ഥാനാർഥി പി.സരിന്റെ വാദങ്ങളെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു.
സിപിഎം-ബിജെപി ഡീൽ എന്ന് വരുത്തി തീർക്കാൻ ഷാഫി പറമ്പില്‍ നടത്തിയ നാടകമാണ് ഹോട്ടലിൽ അരങ്ങേറിയത് എന്നാണ് പി. സരിൻ പറഞ്ഞത്. എന്നാല്‍ ഹോട്ടലിൽ കള്ളപ്പണം എത്തി എന്നാണ് പാർട്ടി നിലപാടെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.
'ഇല്ലാത്ത വിഷയം ഉണ്ടാക്കിയെടുത്ത് താല്‍ക്കാലിക ലാഭം ഉണ്ടാക്കാനുള്ള ഷാഫിയുടെ മാസ്റ്റര്‍ പ്ലാന്‍ ആകാനാണ് സാധ്യത. ബിജെപി–സിപിഎം ബന്ധമെന്ന പുകമറ സൃഷ്ടിക്കാനാണിത്. ഈ ടിപ്പോഫ് എങ്ങനെ വന്നുവെന്ന് പൊലീസാണ് വ്യക്തമാക്കേണ്ടതെന്നും സരിന്‍ പറഞ്ഞിരുന്നു.
എന്നാല്‍ പാര്‍ട്ടി നിലപാട് ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥാനാര്‍ഥി അതില്‍ നിന്നും വേറിട്ടുപറയേണ്ട കാര്യമൊന്നും ഇല്ല. ഹോട്ടലിലേക്ക് കള്ളപ്പണം എത്തിയിട്ടുണ്ട്. ഷാഫിയും രാഹുലും നുണപരിശോധനയ്ക്ക് തയാറുണ്ടോയെന്നും സുരേഷ് ബാബു ചോദിച്ചു.
അതേസമയം ഹോട്ടൽ പരിശോധനയിൽ സിപിഎമ്മിൽ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമായിരുന്നുവെന്നാണ് നേതാക്കളിൽ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ തെരഞ്ഞെടുപ്പായതിനാൽ നേതാക്കൾ അതൃപ്തി പരസ്യമാക്കിയില്ല.
കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന പാലക്കാട്ടെ കെപിഎം ഹോട്ടലിൽ കള്ളപ്പണം ഉണ്ടെന്ന വിവരം പൊലീസിന് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന അരങ്ങേറിയത്. എന്നാൽ അവിടെ നിന്നും പണമൊന്നും കണ്ടെത്താനായില്ല. മാത്രമല്ല സിപിഎമ്മിനൊപ്പം ബിജെപി പ്രവർത്തകർ കൂടി സ്ഥലത്ത് എത്തിയതും പാർട്ടിക്ക് ക്ഷീണമായി. പിന്നാലെയാണ് പാർട്ടിക്കുള്ളിലെ അതൃപ്തി പ്രകടമായത്.