സുധാകരന്‍റേത് തെരുവുഗുണ്ടയുടെ ഭാഷയെന്ന് സിപിഎം

തെരുവ് ഗുണ്ടയുടെ ഭാഷയിൽ കെപിസിസി പ്രസിഡന്റ് സംസാരിക്കുന്നത് ആ പാര്‍ട്ടിക്ക് ഗുണം ചെയ്യുമോയെന്ന് അവരാണ് പരിശോധിക്കേണ്ടതെന്ന് വിജയരാഘവന്‍

Update: 2021-06-19 05:41 GMT
Advertising

കെ സുധാകരന്‍റെ വികട ഭാഷണങ്ങൾ കേട്ട് കൊണ്ടിരിക്കുകയാണെന്ന് സിപിഎം നേതാവ് എ വിജയരാഘവന്‍. പുതിയ പ്രസിഡന്‍റിന്‍റെ വരവോടെ കോൺഗ്രസ് ക്രിമിനൽ സ്വഭാവത്തിലേക്ക് മാറുമെന്ന് തങ്ങള്‍ പറഞ്ഞിരുന്നു. അത്തരം വാക്കുകളാണ് അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

തെരുവ് ഗുണ്ടയുടെ ഭാഷയിൽ കെപിസിസി പ്രസിഡന്റ് സംസാരിക്കുന്നത് ആ പാര്‍ട്ടിക്ക് ഗുണം ചെയ്യുമോയെന്ന് അവരാണ് പരിശോധിക്കേണ്ടത്. കേരളം കാത്തുസൂക്ഷിക്കുന്ന രാഷ്ട്രീയ മര്യാദക്ക് എതിരാണിത്. കേരളത്തിലെ ജനങ്ങളാരും പിന്തുണയ്ക്കില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

ചവിട്ടിവീഴ്ത്തി എന്നൊക്കെ പറയുന്നത് തെരുവ് ഗുണ്ടകളുടെ ഭാഷയാണ്. രാഷ്ട്രീയ നേതാക്കളുടെ ഭാഷ അല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടേത് നിലവാരത്തകര്‍ച്ചയെന്ന് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലവാരത്തകർച്ചയാണ് കെ സുധാകരനെതിരെ നടത്തിയ സംസാരമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പത്രസമ്മേളനം ജനങ്ങള്‍ കാണുന്നത് കോവിഡ് വിവരങ്ങള്‍ അറിയാനാണ്. പിണറായി വിജയന് എന്തും സംസാരിക്കാനുള്ള അവകാശമുണ്ട്. പക്ഷേ കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് ഒരു നിലവാരം വേണം. ആ നിലവാരത്തകര്‍ച്ചയാണ് ഇന്നലെ 26 മിനിറ്റ് കെപിസിസി പ്രസിഡന്‍റിനെതിരെ നടത്തിയ പത്രസമ്മേളനം തെളിയിക്കുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ മുഖ്യമന്ത്രി കോവിഡ് വാർത്താ സമ്മേളനങ്ങളെ ദുരുപയോഗം ചെയ്യുന്നു. ഇന്നലെ എല്ലാ സീമകളെയും അതിലംഘിച്ചുകൊണ്ടാണ് സുധാകരനെതിരെ മുഖ്യമന്ത്രി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേര്‍ന്ന നടപടിയാണോ ഇത് എന്ന് അദ്ദേഹം പരിശോധിക്കണം. സമചിത്തതയുടെ പാത സ്വീകരിക്കണം. ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം മനസിലാക്കണം. കുട്ടിക്കാലത്ത് നടന്ന കാര്യങ്ങൾ ചികഞ്ഞെടുത്ത് പറയേണ്ട ഒരു കാര്യവുമില്ല. ശക്തമായി പ്രതിഷേധിക്കുന്നു. വളരെ ദൌര്‍ഭാഗ്യകരമായ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇന്നലത്തെ വാർത്താസമ്മേളനത്തിലൂടെ പുറത്ത് വന്നത് പിണറായി വിജയന്റെ യഥാർഥ മുഖമാണെന്നും ചെന്നിത്തല പറഞ്ഞു.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News