'ദൂരദർശൻ പോലുള്ള പൊതുമേഖലാ സ്ഥാപനം വിദ്വേഷം പ്രചരിപ്പിക്കരുത്'; കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ സി.പി.എം
സിനിമ കേരളം തീവ്രവാദികളുടെ പറുദീസയാണെന്ന സംഘപരിവാറിന്റെ കള്ളപ്രചാരണവേലയെന്ന് സി.പി.എം
തിരുവനന്തപുരം: കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ദൂരദർശൻ പിന്മാറണമെന്ന് സി.പി.എം. സിനിമ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്, കേരളത്തിൽ മത വർഗീയതയുടെ വിത്തിട്ട് ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് ദൂരദർശൻ പോലുള്ള പൊതുമേഖല മാധ്യമസ്ഥാപനം കൂട്ടുനിൽക്കരുത്.
അധിക്ഷേപപരമായ പത്ത് രംഗങ്ങൾ ഒഴിവാക്കണമെന്ന് സെൻസർബോർഡ് നിർദേശിച്ച സിനിമയാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടികളെയും നേതാക്കളെയും മോശമായി ചിത്രീകരിക്കുന്ന സിനിമ കേരളം തീവ്രവാദികളുടെ പറുദീസയാണെന്ന സംഘപരിവാറിന്റെ കള്ളപ്രചാരണവേല ഏറ്റെടുക്കുകയാണെന്നും സി.പി.എം പറഞ്ഞു.
വർഗീയ വിഷം ചീറ്റുന്ന സിനിമക്കെതിരെ കേരളം ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും സി.പി.എം കൂട്ടിച്ചേർത്തു.
കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലക്ഷ്യമാക്കി നിർമ്മിച്ച 'കേരള സ്റ്റോറി' സിനിമ പ്രദർശിപ്പിക്കാനുള്ള തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.
പരസ്പര സാഹോദര്യത്തിൽ വിവിധ മതവിഭാഗത്തിൽപ്പെട്ടവർ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം. ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പർദ്ധ വളർത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാർ തലച്ചോറിൽ ഉടലെടുത്ത കുടിലതയുടെ ഉൽപ്പന്നമാണ് ഈ സിനിമ എന്നാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്.