'പാർട്ടിയെ നശിപ്പിക്കാൻ ആയങ്കിമാർ ശ്രമിക്കുന്നു'; അർജുൻ ആയങ്കിക്കെതിരെ സിപിഎം നേതാവ് ഐ.പി ബിനു
താനിപ്പോൾ ഒരു പാർട്ടിയുടെയും ഭാഗമല്ലെന്ന് അർജുൻ ആയങ്കിയുടെ മറുപടി


തിരുവനന്തപുരം: അർജുൻ ആയങ്കിക്കെതിരെ തിരുവനന്തപുരത്തെ സിപിഎം നേതാവ് ഐ.പി ബിനു.എകെജി സെൻറർ ആക്രമണക്കേസ് പ്രതിക്കൊപ്പം അർജുൻ ആയങ്കിയുടെവീഡിയോ പുറത്തുവിട്ടാണ് വിമർശനം.പ്രസ്ഥാനത്തെ നശിപ്പിക്കാൻ ആയങ്കിമാർ ശ്രമിക്കുന്നുവെന്നും വെല്ലുവിളിക്കാനാണ് ഉദ്ദേശ്യമെങ്കിൽ വെച്ചുപൊറുപ്പിക്കില്ലെന്നും ഐ.പി ബിനു ഫേസ്ബുക്കിൽ കുറിച്ചു.
പാവപ്പെട്ട പ്രസ്ഥാനത്തിന്റെ ജീവനായ സഖാക്കളുടെ പിൻപറ്റി ചില ദുരുദ്ദേശങ്ങൾ നടപ്പാക്കാമെന്ന് കരുതിയാൽ അതിനെ മുളയിലെ നുള്ളുക തന്നെ ചെയ്യും.. ഒരു സംശയവും വേണ്ട. പ്രസ്ഥാനത്തിനെ ദ്രോഹിച്ചവരുടെ ഉപ്പും ചോറും തിന്ന് ഇതിനെ നശിപ്പിക്കാൻ കൂട്ടുനിൽക്കാം എന്നാണ് വിചാമെങ്കിൽ അതിന് വെച്ചുപൊറുപ്പിക്കില്ലെന്നും ബിനു പറഞ്ഞു.
അതേസമയം, താൻ ഇപ്പോൾ ഒരു പാർട്ടിയുടെയും ഭാഗമല്ലെന്ന് അർജുൻ ആയങ്കി പോസ്റ്റിന് മറുപടി നൽകി.തനിക്ക് സകല പാർട്ടിയിലും പെട്ട സുഹൃത്തുക്കൾ ഇപ്പോഴുണ്ടെന്നും പാർട്ടി എന്നെ വർഷങ്ങൾക്ക് മുന്നേ തള്ളിപ്പറഞ്ഞതുമാണെന്നും അര്‍ജുന്‍ മറുപടി പറഞ്ഞു. എകെജി സെൻ്ററിൽ ബോംബെറിഞ്ഞ വ്യക്തിയെ വ്യക്തിപരമായ പരിചയമില്ലെന്നും സുഹൃത്തിൻ്റെ സുഹൃത്താണ്. അതുകൊണ്ട് അവൻ്റെ കൂടെ വരുന്നവരുടെ ഹിസ്റ്ററി പരിശോധിച്ചിട്ടല്ല കൂടെ ഇരുന്നത്. താനിപ്പോള്‍ ഒരു സ്വതന്ത്ര വ്യക്തിയാണ്. പാർട്ടിയുടെ യാതൊരുവിധ ഘടകത്തിലുമില്ലെന്നും അര്‍ജുന്‍ ആയങ്കി പറയുന്നു.
പ്രസ്ഥാനത്തെ വെല്ലുവിളിക്കാൻ ഞാൻ ആളല്ല. പാർട്ടിയെ ജീവനായി കൊണ്ടുനടക്കുന്ന സഖാക്കളേ പിൻപറ്റി എനിക്കൊരുദ്ദേശവും നടപ്പാക്കാനുമില്ല. പ്രസ്ഥാനത്തെ നശിപ്പിക്കാൻ ഇവിടെ ഐപി ബിനുവിനോ അർജ്ജുൻ ആയങ്കിയോ വിചാരിച്ചാൽ നടക്കാനും പോകുന്നില്ലെന്നും അര്‍ജുന്‍ പറയുന്നു.
ഐ.പി ബിനു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
പാർട്ടി തണൽ പറ്റി പേരെടുത്ത ചില ആയങ്കിമാർ വളർത്തിയ പ്രസ്ഥാനത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന ദൃശ്യം കാണാനിടയായി.. അതും തലസ്ഥാനത്ത്. പാർട്ടി ആസ്ഥാനമായ AKG സെന്ററിൽ ബോംബ് എറിഞ്ഞവൻമാരോടൊപ്പം ചേർന്നു ഈ പ്രസ്ഥാനത്തെ വെല്ലുവിളിക്കാൻ ആണ് ഉദ്ദേശമെങ്കിൽ. അത് വെച്ചു പൊറുപ്പിക്കാൻ തൽക്കാലം സൗകര്യമില്ല. ആ കേസുമായി ബന്ധപ്പെട്ട് ഇരയായ വ്യക്തി എന്നുള്ള നിലയ്ക്ക് കുറച്ച് വൈകാരികത കൂടും. അതുകൊണ്ട് മോനെ ആയങ്കി പാവപ്പെട്ട പ്രസ്ഥാനത്തിന്റെ ജീവനായ സഖാക്കളുടെ പിൻപറ്റി ചില ദുരുദ്ദേശങ്ങൾ നടപ്പാക്കാമെന്ന് കരുതിയാൽ അതിനെ മുളയിലെ നുള്ളുക തന്നെ ചെയ്യും.. ഒരു സംശയവും വേണ്ട. പ്രസ്ഥാനത്തിനെ ദ്രോഹിച്ചവരുടെ ഉപ്പും ചോറും തിന്ന് ഇതിനെ നശിപ്പിക്കാൻ കൂട്ടുനിൽക്കാം എന്നാണ് വിചാമെങ്കിൽ അതിന് വെച്ചുപൊറുപ്പിക്കില്ല തന്നെ
അർജുൻ ആയങ്കി പോസ്റ്റിന് നല്‍കിയ മറുപടി
സഖാവേ ഞാനിപ്പോ ഒരു പാർട്ടിയുടെയും ഭാഗമല്ല എനിക്ക് സകല പാർട്ടിയിലും പെട്ട സുഹൃത്തുക്കൾ ഇപ്പോഴുണ്ട് പാർട്ടി എന്നെ വർഷങ്ങൾക്ക് മുന്നേ തള്ളിപ്പറഞ്ഞതുമാണ്. ഈ പറഞ്ഞ എകെജി സെൻ്ററിൽ ബോംബെറിഞ്ഞ വ്യക്തിയെ എനിക്ക് വ്യക്തിപരമായ പരിചയമില്ല. എൻ്റെ സുഹൃത്തിൻ്റെ സുഹൃത്താണ്. അതുകൊണ്ട് അവൻ്റെ കൂടെ വരുന്നവരുടെ ഹിസ്റ്ററി പരിശോധിച്ചിട്ടല്ല ഞാൻ കൂടെ ഇരുന്നത്. ഞാനിപ്പോൾ ഒരു സ്വതന്ത്ര വ്യക്തിയാണ്. പാർട്ടിയുടെ യാതൊരുവിധ ഘടകത്തിലുമില്ല.
ഞാൻ ആരോടൊക്കെ സൗഹൃദം വെയ്ക്കണം വേണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട് സഖാവേ...
പ്രസ്ഥാനത്തെ വെല്ലുവിളിക്കാൻ ഞാൻ ആളല്ല. പാർട്ടിയെ ജീവനായി കൊണ്ടുനടക്കുന്ന സഖാക്കളേ പിൻപറ്റി എനിക്കൊരുദ്ദേശവും നടപ്പാക്കാനുമില്ല. പ്രസ്ഥാനത്തെ നശിപ്പിക്കാൻ ഇവിടെ ഐപി ബിനുവിനോ അർജ്ജുൻ ആയങ്കിയോ വിചാരിച്ചാൽ നടക്കാനും പോണില്ല..
എകെജി സെൻ്ററിൽ ബോംബെറിഞ്ഞവൻ ഇപ്പോഴും ആ നാട്ടിൽ തന്നെ നെഞ്ചും വിരിച്ച് നടക്കുന്നത് ആരുടെ കഴിവ്കേടാണെന്ന് സ്വയം ചിന്തിച്ചാൽ മതിയാകും. എന്നെ വെറുതെ വിട്ടേക്ക്. ഞാൻ ഒരു പാർട്ടി പോസ്റ്റർ പോലും ഷെയർ ചെയ്യാത്തത് ഞാൻ കാരണം പാർട്ടിക്കൊരു പേരുദോഷം വേണ്ടെന്ന് കരുതിയിട്ടാണ് വർഗശത്രുക്കളുടെ ഉപ്പും ചോറും തിന്നാൻ വളർത്തിയ പാർട്ടിയുടെ കടയ്ക്കൽ കത്തി വെക്കാൻ ശ്രമിക്കുന്ന പണി ഞാൻ ചെയ്യില്ല
ഞാൻ എന്ത് ചെയ്യുന്നു ആരുടെ കൂടെ നടക്കുന്നു ആരോടൊക്കേ സൗഹൃദം സ്ഥാപിക്കുന്നു എന്നൊക്കെ നോക്കി പോസ്റ്റിട്ട് എന്നെ ഉപദ്രവിക്കരുത്. 🙏