സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നാളെ; ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിങ് വിലയിരുത്തും
പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് യു.ഡി.എഫിന് അനുകൂലമായ തരംഗം കേരളത്തിൽ അലയടിച്ചിട്ടില്ലെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തൽ.
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിങ് വിലയിരുത്താൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ യോഗം ചേരും. ഭരണവിരുദ്ധവികാരം തെരഞ്ഞെടുപ്പിലുണ്ടായിട്ടില്ലെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തൽ. എട്ട് മുതൽ 12 വരെ സീറ്റുകൾ കിട്ടുമെന്നാണ് ഇടത് മുന്നണിയുടെ അവകാശവാദം.
പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് യു.ഡി.എഫിന് അനുകൂലമായ തരംഗം കേരളത്തിൽ അലയടിച്ചിട്ടില്ലെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തൽ. അതിന് കാരണമായി പറയുന്നത് പഴയ വോട്ട് ചരിത്രമാണ്, 2009ൽ 73.5 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ 16 സീറ്റും, 2019ൽ 77.84 ശതമാനം പോളിങ് നടന്നപ്പോൾ 19 സീറ്റും യു.ഡി.എഫിന് കിട്ടി. എന്നാൽ പോളിങ് ശതമാനം കുറഞ്ഞ് 71.20 ൽ എത്തിയപ്പോഴാണ് 19 സീറ്റ് എൽ.ഡി.എഫിന് കിട്ടിയത്. 71.05 ആണ് ഇത്തവണത്തെ പോളിങ് അതുകൊണ്ട് സർക്കാർ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചിട്ടില്ലെന്നാണ് സി.പി.എം കണക്ക് കൂട്ടുന്നത്.
കോൺഗ്രസിന് സ്വാധീനമുള്ള സ്ഥലങ്ങളിലും കാര്യമായ പോളിങ് നടക്കാത്തതും ഭരണവിരുദ്ധ വികാരം അലയടിച്ചിട്ടില്ല എന്നതിന്റെ സൂചനയാണെന്നാണ് നേതാക്കൾ പറയുന്നത്. എട്ട് മുതൽ 12 വരെ സീറ്റുകൾ പ്രതീക്ഷിക്കുന്നുവെന്നാണ് മുന്നണി നേതാക്കൾ പറയുന്നത്. എന്നാൽ ബൂത്ത് തലത്തിലെ കണക്ക് ക്രോഡീകരിച്ച് അത് വിലയിരുത്താതെയാണ് അവകാശവാദങ്ങൾ. 20 മണ്ഡലങ്ങളിൽ നിന്നുമുള്ള ബൂത്ത് തലത്തിലെ കണക്ക് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ ചർച്ച ചെയ്യും.