'ഡീസലില്ലാതെ വണ്ടിയോടില്ല, ശമ്പളമില്ലാതെ മനുഷ്യരും'; കെ.എസ്.ആർ.ടി.സിക്ക് ഹൈക്കോടതിയുടെ വിമർശനം
കെ.എസ്.ആർ.ടിസിയുടെ ആസ്തി വിവരക്കണക്കുകൾ അറിയിക്കണമെന്നും കോടതി നിർദേശിച്ചു
കൊച്ചി: ശമ്പള വിതരണത്തിൽ കെ.എസ്.ആര്‍.ടിസി മാനേജ്മെന്റിനും തൊഴിലാളി സംഘടനകൾക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കെ.എസ്.ആര്‍.ടിസിയുടെ ആസ്തി വിവരക്കണക്കുകള്‍ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. വായ്പയെടുത്ത് എന്തിന് വിനയോഗിച്ചുവെന്ന് അറിയിക്കണം. യുണിയൻ പ്രവർത്തനവും കൊടി പിടിക്കലും മാത്രമേ നടക്കുന്നുള്ളുവെന്നും നന്നാവണമെങ്കിൽ എല്ലാവരും വിചാരിക്കണമെന്നും കോടതി വിമർശിച്ചു.
രണ്ട് മാസം ശമ്പളം കിട്ടാതെ ജീവനക്കാര്‍ എങ്ങനെ പണിയെടുക്കും. ഡീസലില്ലാതെ വണ്ടിയോടില്ല, ശമ്പളമില്ലാതെ മനുഷ്യരും ഓടില്ല- കോടതി ചൂണ്ടിക്കാട്ടി. പെൻഷനും ശമ്പളവും കൊടുക്കാൻ ലോണെടുത്ത് ഒരു സ്ഥാപനം എങ്ങനെ മുന്നോട്ട് പോകുമെന്നും കഴിഞ്ഞ മാസത്തെ വരുമാനത്തില്‍ നിന്ന് തന്നെ ശമ്പളം നല്‍കാമായിരുന്നല്ലോയെന്നും കോടതി നിരീക്ഷിച്ചു.
സി.എം.ഡിക്ക് മാത്രം സർക്കാർ ശമ്പളം കൊടുക്കുന്നത് എന്ത് കൊണ്ടാണ്, മാനേജ്മെന്റിന് ക്യത്യമായ വൈദഗ്ധ്യം വേണമെന്നും കോടതിയെ കുറ്റപെടുത്തിയിട്ടെന്ത് കാര്യമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ബസുകള്‍ ക്ലാസ് മുറികളാക്കുന്നതിനെയും ഹൈക്കോടതി വിമർശിച്ചു.