'എൻഡോസൾഫാൻ ഇരകളെ സർക്കാർ അവഗണിക്കുന്നു': ദയാബായിയുടെ സമരത്തിന് പൂർണ പിന്തുണയെന്ന് വി.ഡി സതീശൻ
സർക്കാരിനെതിരെ ശക്തമായ സമരം നടത്താൻ യുഡിഎഫ് യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭിക്കാൻ ദയാബായിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന സമരത്തിന് പൂർണ പിന്തുണയെന്ന് യുഡിഎഫ്. ദയാബായി ഉയർത്തുന്നത് ന്യായമായ ആവശ്യങ്ങളാണെന്നും സമരത്തെ അവഗണിക്കുന്നതിലൂടെ സർക്കാർ അവഗണിക്കുന്നത് എൻഡോസൾഫാൻ ഇരകളെയാണെന്നും ദയാബായിയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
"എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭിക്കാൻ ദയാബായിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് പൂർണ പിന്തുണ നൽകാനാണ് ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ തീരുമാനമായിരിക്കുന്നത്. കാരണം അവരുയർത്തുന്നത് ന്യായമായ ആവശ്യങ്ങളാണ്. എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടി പുതിയ മെഡിക്കൽ ക്യാംപ് നടത്തിയവരെ കണ്ടുപിടിക്കണമെന്നുള്ളത്, ഡേ കെയർ സെന്റർ അവർക്കനുവദിക്കണമെന്നുള്ളത്,കാസർഗോഡ് മെഡിക്കൽ കോളേജ് എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നുള്ള ആവശ്യം,കാസർഗോട്ടെ മറ്റ് ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യം തുടങ്ങിയവയാണ് സമരം മുന്നോട്ട് വയ്ക്കുന്നത്. ഈ ആവശ്യങ്ങളൊക്കെയും നടപ്പിലാക്കാൻ സർക്കാരിന് തടസ്സങ്ങളൊന്നുമില്ല.
പക്ഷേ ദൗർഭാഗ്യവശാൽ ദയാബായി നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായ കാര്യങ്ങൾക്ക് വിരുദ്ധമായാണ് രേഖാമൂലം അവരെ അറിയിച്ചിരിക്കുന്ന കാര്യങ്ങൾ. അതുകൊണ്ട് തന്നെ ഇത് ന്യായമായ സമരമാണ്. എൺത്തിരണ്ട് വയസ്സുകാരിയായ ദയാബായി കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് മുന്നിൽ മഴയും വെയിലും കൊണ്ട് നടത്തുന്ന സമരം കാണാതിരിക്കാൻ സർക്കാരിനെങ്ങനെ കഴിയുന്നു എന്ന് മനസ്സിലാകുന്നില്ല. ഇത് എൻഡോസൾഫാൻ ഇരകളോടും സമരം നടത്തുന്നവരോടുമുള്ള ക്രൂരമായ അവഗണനയാണ്. അതുകൊണ്ട് തന്നെ ദയാബായിക്ക് പൂർണ പിന്തുണയുമായി യുഡിഎഫ് ഒപ്പമുണ്ട്.
യുഡിഎഫ് യോഗത്തിന് ശേഷം മുഴുവൻ നേതാക്കളും ദയാബായിയെ ആശുപത്രിയിലെത്തി കണ്ടതിന് കാരണമതാണ്. ഇതുമായി ബന്ധപ്പെട്ട സമരപരിപാടികളുൾപ്പടെ പിന്നീട് വിശദമായി അറിയിക്കും. ഇന്ന് മുഖ്യമന്ത്രിയുമായി ഇക്കാര്യം നേരിട്ട് സംസാരിക്കാനും തീരുമാനമുണ്ട്. ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് വലിയ വീഴചയാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത് എന്നത് കൂടി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. സമരം ചെയ്യണമെന്നല്ല.അതെങ്ങിനെയും ഒത്തുതീർപ്പാക്കണമെന്നതാണ് യുഡിഎഫിന്റെ ആഗ്രഹം.
ഒരു സർക്കാരിന് യോജിച്ച രീതിയിലുള്ള കത്തല്ല ദയാബായിക്ക് സർക്കാർ നൽകിയത്. മന്ത്രിമാരുമായി ചർച്ച ചെയ്ത് തീരുമാനമായ കാര്യങ്ങൾക്ക് നേരെ വിപരീതമായ കാര്യങ്ങളാണ് കത്തിൽ. മാടമ്പി സ്വഭാവമെടുക്കുകയാണ് സർക്കാർ". വി.ഡി സതീശൻ പറഞ്ഞു.
സർക്കാരിനെതിരെ ശക്തമായ സമരം നടത്താൻ യുഡിഎഫ് യോഗത്തിൽ തീരുമാനമായിട്ടുണ്ട്.