ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവം; റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു
ഭീമമായ സ്ത്രീധനം നൽകാത്തതിനാൽ വിവാഹത്തിൽ നിന്ന് പ്രതി പിന്മാറിയതിന് പിന്നാലെയാണ് ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്
കൊച്ചി: ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ ഡോ.റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. പഠനം തുടരാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബഞ്ച് തടഞ്ഞത്.
തിരുവനന്തപുരം മെഡി.കോളജ് പ്രിന്‍സിപ്പലിന്റെ അപ്പീലിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.റുവൈസിന്റെ സസ്പെൻഷൻ മൂന്നുമാസത്തേക്ക് കൂടി നീട്ടാൻ കോളജ് തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാൻ സർക്കാർ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.കമ്മിറ്റി ഒരാഴ്ചയ്ക്കകം അച്ചടക്ക നടപടി പുനപരിശോധിച്ച് തീരുമാനമെടുക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ഡിസംബറിലാണ് വെഞ്ഞാറമൂട് സ്വദേശി ഷഹനയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിൽ സ്ത്രീധന പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ഷഹാന കുറിച്ചിരുന്നു. ഷഹാനയുടെയും റുവൈസിന്റെയും വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും റുവൈസും കുടുംബവും കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ട് യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഭീമമായ സ്ത്രീധനം നൽകാത്തതിനാൽ വിവാഹത്തിൽ നിന്ന് പ്രതി പിന്മാറിയെന്ന് മരിച്ച ഷഹനയുടെ അമ്മയും സഹോദരിയും മൊഴി നൽകിയിരുന്നു. ആരോപണങ്ങൾക്ക് പിന്നാലെ പിജി ഡോക്ടർമാരുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും റുവൈസിനെ പുറത്താക്കിയിരുന്നു.