ദീപുവിന്റെ മൃതദേഹം കിഴക്കമ്പലത്തെ വീട്ടിലെത്തിച്ചു
പ്രതിപക്ഷ നേതാവ് വിഡി സതീശൻ ദീപുവിന് അന്തിമോപചാരം അർപ്പിക്കാനെത്തി
കിഴക്കമ്പലത്ത് മർദ്ദനമേറ്റ് മരിച്ച ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. മൃദദേഹമെത്തിച്ചത് വിലാപയാത്രയായി. കിഴക്കമ്പലത്ത് പൊതുദർശനത്തിന് വെച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ദീപുവിന് അന്തിമോപചാരം അർപ്പിക്കാനെത്തി.
കഴിഞ്ഞ ശനിയാഴ്ചയാണ് ദീപുവിനെ സി.പി.എം. പ്രവര്‍ത്തകരായ നാലുപേര്‍ ചേര്‍ന്ന് മര്‍ദിച്ചത്. കേസില്‍ സി.പി.എം. കാവുങ്ങല്‍പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുള്‍ റഹ്മാന് (36), പാറാട്ടുവീട്ടില്‍ സൈനുദ്ദീന്‍ സലാം (27), നെടുങ്ങാടന്‍ ബഷീര്‍ (36), വലിയപറമ്പില്‍ അസീസ് (42) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ശനിയാഴ്ച കിഴക്കമ്പലത്ത് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെതിരെ നടന്ന വിളക്കണയ്ക്കൽ പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവർത്തകർ ട്വൻറി 20 പ്രവർത്തകനായ ദീപുവിനെ മർദ്ദിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴേകാലോടെയാണ് കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജൻ കോളനിയിൽ താമസക്കാരനായ ദീപുവിന് മർദ്ദനമേറ്റത്. അന്നേ ദിവസം രാത്രി ഏഴ് മണി മുതൽ പതിനഞ്ച് മിനിറ്റായിരുന്നു ട്വൻറി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും വിളക്കണയ്ക്കൽ സമരം നടന്നത്. ആളുകളിൽ നിന്ന് പിരിവെടുത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന ട്വൻറി 20-യുടെ പദ്ധതിക്കെതിരെ പി വി ശ്രീനിജൻ എംഎൽഎ രംഗത്ത് വന്നതാണ് സമരത്തിന് കാരണം.
ട്വൻറി 20-യുടെ സജീവ പ്രവർത്തകനായ ദീപുവും പ്രതിഷേധം ഏകോപിപ്പിക്കാൻ മുന്നിൽ ഉണ്ടായിരുന്നു. ലൈറ്റണയ്ക്കൽ സമരം നടക്കുന്നതിനിടെ വീട്ടിലെത്തിയ നാല് സിപിഎം പ്രവർത്തകർ ദീപുവിനെ മർദിക്കുകയായിരുന്നു. അന്ന് ദീപു ചികിത്സ തേടിയിരുന്നില്ല. തിങ്കളാഴ്ച പുലർച്ചെ രക്തം ഛർദിച്ചതോടെയാണ് ദീപുവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്തരിക രക്തസ്രാവമുണ്ടെന്നും കൂടുതൽ ചികിത്സ വേണമെന്നും വ്യക്തമായതിനെത്തുടർന്ന് ദീപുവിനെ രാജഗിരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശക്തമായ ആന്തരികരക്തസ്രാവമുണ്ടായതിനാൽ ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ദീപുവിനെ പിന്നീട് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ ഇന്നലെ രാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് ദീപുവിൻറെ മരണം സ്ഥിരീകരിക്കുകയായിരുന്നു