ധീരജ് കൊലപാതകം; തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളേജിൽ എത്തിയതെന്ന് നിഖിൽ പൈലിയുടെ മൊഴി
പേനാ കത്തി കരുതിയത് സ്വയം രക്ഷയ്ക്ക് വേണ്ടിയായിരുന്നെന്നും നിഖിൽ പൈലി
ഇടുക്കിയിലെ ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ നിഖിൽ പൈലിയുടെ മൊഴി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളേജിൽ എത്തിയതെന്നും പേനാ കത്തി കരുതിയത് സ്വയം രക്ഷയ്ക്ക് വേണ്ടിയായിരുന്നെന്നും നിഖിൽ പൈലി പൊലീസിനോട് പറഞ്ഞു. ആ കത്തി കൊണ്ടാണ് ധീരജിനെ കുത്തിയതെന്നും പ്രതി കുറ്റസമ്മതം നടത്തി.
എസ് എഫ് ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ നിരവധി രാഷ്ട്രീയ പ്രമുഖരാണ് കോൺഗ്രസിനെതിരെ വിമർശനവുമായി രംഗത്തു വന്നത്. കോളേജിൽ അക്രമം നടത്താൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആഹ്വാനം ചെയ്‌തെന്നാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിൻ ദേവ് ആരോപിച്ചത്. അതേ സമയം ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീമും സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മുന്നോട്ട് വന്നു. കേരളം പിടിക്കാൻ ഗുണ്ടകളെ ഉപയോഗിച്ച് കെ സുധാകരൻ അക്രമം അഴിച്ചു വിടുകയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.സുധാകരന്റെ കണ്ണൂർ ശൈലി സമാധാനം തകർക്കുന്നതാണെന്ന് പി ജയരാജനും പറഞ്ഞു. എന്നാൽ കൊലപാതക രാഷ്ട്രീയത്തിന് കോൺഗ്രസിന്റെ പിന്തുണയില്ലെന്നാണ് കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്.