' ടിടിഇയെ കണ്ടപ്പോള്‍ ശുചിമുറിയിലൊളിച്ചു, ടിക്കറ്റ് ചോദിച്ചപ്പോള്‍ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തി'
ട്രെയിൻ പുറപ്പെട്ട് മൂന്നാമത്തെ സ്റ്റേഷൻ ആയ പൻവേലിൽ നിന്ന് ഞാൻ കയറുമ്പോൾ തന്നെ സ്ലീപ്പർ കോച്ചുകളിൽ ടിക്കറ്റ് എടുക്കാത്തവർ ഒരുപാട് ഉണ്ടായിരുന്നു
ടിക്കറ്റ് ചോദിച്ച ടിടിഇയെ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊന്ന സംഭവത്തിന്‍റെ ഞെട്ടലിലാണ് കേരളം. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് പട്ന സൂപ്പർഫാസ്റ്റിൽ ട്രെയിനിൽ നിന്നും ടിടിഇ വി.വിനോദിനെ ഒഡീഷ സ്വദേശി രജനീകാന്ത് പുറത്തേക്ക് തള്ളിയിട്ടത്. തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ച് വീണ വിനോദിന്‍റെ ശരീരത്തിലൂടെ എതിര്‍ ദിശയില്‍ നിന്നും വന്നിരുന്ന ട്രെയിന്‍ കയറിയിട്ടുണ്ടാകാമെന്നാണ് നിഗമനം.
റിസര്‍വ്ഡ് കോച്ചുകളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം ഈയിടെയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി യാത്രക്കാര്‍ ഇതുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ടിക്കറ്റ് ചോദിക്കുന്ന ടിടിഇയോട് അതിക്രമം കാണിക്കുന്നതും പുതിയ സംഭവമല്ല. അത്തരത്തിലൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഫ്രീലാന്‍സ് എഴുത്തുകാരനായ ദിപിന്‍ ജയദീപ്. നേത്രാവതി എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോള്‍ സ്ലീപ്പര്‍ കോച്ചില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരോട് ടിക്കറ്റ് ചോദിച്ചപ്പോള്‍ ടിടിഇയെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായി ദിപിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ദിപിൻ ജയദീപിന്‍റെ കുറിപ്പ്
വടക്കാഞ്ചേരിക്കടുത്ത് വെള്ളപ്പായയിൽ ഒഡിഷ സ്വദേശി ട്രയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്ന വാർത്ത കണ്ടപ്പോൾ ഒരു നിമിഷം ഞെട്ടിപ്പോയി. കാരണം കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലേ പൻവേലിൽ നിന്നും നാട്ടിലേക്ക് യാത്ര ചെയ്ത എനിക്ക് സമാനമായ ഒരു സംഭവം കാണേണ്ടി വന്നിരുന്നു. 16345 നമ്പർ ലോകമാന്യ തിലക്- തിരുവനന്തപുരം സെൻട്രൽ നേത്രാവതി എക്സ്പ്രസ്സ് ആയിരുന്നു ഞാൻ യാത്ര ചെയ്ത ട്രെയിൻ.ട്രെയിൻ പുറപ്പെട്ട് മൂന്നാമത്തെ സ്റ്റേഷൻ ആയ പൻവേലിൽ നിന്ന് ഞാൻ കയറുമ്പോൾ തന്നെ സ്ലീപ്പർ കോച്ചുകളിൽ ടിക്കറ്റ് എടുക്കാത്തവർ ഒരുപാട് ഉണ്ടായിരുന്നു. അവിടെ ഒന്നും ടിടിഇ വന്നിരുന്നില്ല. ഒടുവിൽ ഗോവയിൽ വച്ച് ആണ് ആദ്യമായി ടിടിഇ വരുന്നത്. അയാളെ കണ്ടപ്പോൾ പലയിടത്തും പമ്മിയിരുന്ന കള്ള യാത്രക്കാർ ശുചിമുറിയിലും മറ്റും പോയി ഒളിച്ചു.
എന്നാൽ ടിടിഇ വഴിയിൽ കിട്ടിയ ചിലരെ പിടികൂടി ടിക്കറ്റ് ചോദിച്ചപ്പോൾ അവർ സംഘം ചേർന്ന് അദ്ദേഹത്തെ ഭീഷണി പെടുത്തുന്നത് ആണ് കണ്ടത്. അദ്ദേഹത്തിന്റെ അവസ്ഥ കണ്ടപ്പോൾ കഷ്ടം തോന്നിയിരുന്നു. അയാളെ ഇവന്മാർ ചേർന്ന് പുറത്തേക്ക് തള്ളി ഇട്ടാൽ പോലും ഒരു ആര്‍.പി.എഫ് ഓഫീസർ പോലും കാണില്ലല്ലോ എന്ന് ഞാൻ മനസ്സിൽ ഓർത്ത് 24 മണിക്കൂർ പിന്നിടും മുൻപ് ആണ് ഈ ദുരന്തവാർത്ത വരുന്നത്. 20 കൊല്ലം ആയി ഇന്ത്യൻ റായിൽവെയിൽ ജോലി ചെയ്തു വരുന്ന എറണാകുളം സ്വദേശി ആയ വിനോദ് എന്ന ടിടിഇ ആണ് അതിദാരുണമായി കൊല ചെയ്യപ്പെട്ടത്. ഒഡിഷക്കാരൻ ആയ രജനികാന്ത് എന്ന ആളെ പാലക്കാട് വച്ചു അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് കണ്ടത്.
ടിക്കറ്റ് എടുക്കുന്ന ശീലം ഇല്ലാത്തവർ ആണ് തെന്നിന്ത്യയ്ക്ക് അപ്പുറം ഉള്ള ട്രെയിൻ യാത്രികരിൽ നല്ലൊരു ശതമാനവും. ഇന്ത്യൻ റെയിൽവെയുടെ സതേൺ സോൺ പോലെ അല്ല മറ്റു സോണുകൾ എന്ന് വടക്കോട്ട് യാത്ര ചെയ്തിട്ടുള്ളവർക്ക് അറിയാം. മുൻപ് ഒരിക്കൽ ഒരു വ്ലോഗറുടെ കുടുംബം ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരു കൂട്ടം തെമ്മാടികൾ മദ്യപിച്ചു കൊണ്ട് അവരെ ശല്യം ചെയ്ത സംഭവം വായിച്ചത് ഓർക്കുന്നു. അന്ന് ടിടിഇയുടെ സഹായത്തിന് വേണ്ടി ആ കുടുംബം കുറേ അന്വേഷിച്ചു. എങ്ങിനെ ടിടിഇ യുമായി ബന്ധപ്പെടും എന്ന് അറിയാതെ നിന്ന അവരെ ഒടുവിൽ പാൻട്രി കോച്ചിൽ നിന്ന് ഭക്ഷണം വിൽക്കാൻ വന്നവർ ആണ് സഹായിച്ചത്. അവർ പോയി ദൂരെ ഏതോ കോച്ചിൽ ഉള്ള ആര്‍പിഎഫ് ഓഫീസറെ കൂട്ടി കൊണ്ട് വന്ന് ആണ് ഒടുവിൽ അവരെ രക്ഷിച്ചത്.
എല്ലാ കോച്ചിലും ഇല്ലെങ്കിൽ പോലും എല്ലാ ടൈപ് കോച്ചുകളിലും അങ്ങോട്ടും ഇങ്ങോട്ടും ആയുധധാരികൾ ആയ ആര്‍പിഎഫ് ഉദ്യോഗസ്ഥർ നടന്നു എങ്കിൽ ഈ സ്ഥിതി ഒക്കെ മാറും. സ്ത്രീകൾക്ക് മാത്രം ഉള്ള പൊതു കമ്പാർട്ട്മെന്‍റില്‍ പോലും ആര്‍പിഎഫ് കാർ ഉണ്ടാവാറില്ല. ഒരു സഹായത്തിനു ആരെ വിളിക്കും എന്ന് പലർക്കും അറിയില്ല. അതുപോലെ വാതിൽ തുറന്ന് ഇട്ട് ആണ് ബഹു ഭൂരിപക്ഷം ട്രെയിനുകളും ഓടുന്നത്. അതൊരു നല്ല രീതിയേ അല്ല. ടിക്കറ്റ് എടുക്കാൻ എല്ലാവർക്കും ആധാർനമ്പറും ആയി ബന്ധിപ്പിച്ചു കൊണ്ട് ഒരു യുണീക്ക് നമ്പർ കൊടുക്കുകയും ആ നമ്പർ പറഞ്ഞാൽ മാത്രം ടിക്കറ്റ് ഇഷ്യു ചെയ്യുകയും ചെയ്യുന്ന ഒരു രീതി അവലംബിച്ചാൽ ചുരുങ്ങിയത് ടിക്കറ്റ് ഉള്ളവരുടെ മേൽവിലാസം ഒക്കെ ലഭിക്കും. ഇപ്പോൾ റിസർവേഷൻ ചെയ്യാൻ ഇതൊന്നും ആവശ്യം ഇല്ല. ഇന്ത്യൻ റെയിൽവെ കാലോചിതമായി മാറിയില്ല എങ്കിൽ ഇങ്ങനെ ഒരുപാട് ദുരന്തങ്ങൾക്ക് നമ്മൾ സാക്ഷി ആകേണ്ടി വരും.