ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട് കേരള കോൺഗ്രസ് എം; ഇടുക്കിയിലെ ശക്തികേന്ദ്രങ്ങളിലും വോട്ട് കുറഞ്ഞു
മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലത്തിലടക്കം ലീഡ് പ്രതീക്ഷിച്ച എൽ.ഡി.എഫിന്റെ കണക്ക് കൂട്ടലുകൾ അപ്പാടെ തെറ്റിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം.
തൊടുപുഴ: കോട്ടയം കൈവിട്ടതിന് പിന്നാലെ ഇടുക്കിയിലും തിളങ്ങാനാകാതെ കേരളാ കോൺഗ്രസ് മാണി വിഭാഗം. മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലത്തിലടക്കം ലീഡ് പ്രതീക്ഷിച്ച എൽ.ഡി.എഫിന്റെ കണക്ക് കൂട്ടലുകൾ അപ്പാടെ തെറ്റിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. സി.പി.എം കോട്ടകളും തകർത്തായിരുന്നു യു.ഡി.എഫിലെ ഡീൻ കുര്യാക്കോസിന്റെ മുന്നേറ്റം.
കേരളാ കോൺഗ്രസിനെ ഒപ്പം കൂട്ടി കളം പിടിക്കാമെന്ന എൽ.ഡി.എഫിന്റെ കണക്ക് കൂട്ടലുകൾ അപ്പാടെ തെറ്റി. 2019 ൽ ഡീൻ കുര്യാക്കോസിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിന്റെ അവകാശവാദമുന്നയിച്ചവർക്ക് ഇത്തവണ ചെറുവിരൽ പോലും അനക്കാനായില്ല. ജോയിസ് ജോർജിന് രണ്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം പ്രതീക്ഷിച്ച മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലത്തിൽ ഡീന്റെ ഭൂരിപക്ഷം 15595 ആണ്.
കേരളാ കോൺഗ്രസിന് സ്വാധീനമുള്ള തൊടുപുഴയിൽ 33620 ഉം കോതമംഗലത്ത് 20481 വോട്ടുകളുടെയും ഭൂരിപക്ഷം ഡീനുണ്ട് . അതേസമയം പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ മാത്രമല്ല വോട്ട് കുറഞ്ഞതെന്നും എൽ.ഡി.എഫിലെ വോട്ട് ചോർച്ച പരിശോധിക്കുമെന്നും കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു.
എൽ.ഡി.എഫിന്റെ എക്കാലത്തെയും ഉറച്ച വോട്ടുബാങ്കായിരുന്ന തോട്ടം മേഖലയും ഇത്തവണ കൈവിട്ടു. മുൻ മന്ത്രി എം.എം മണിയുടെ മണ്ഡലത്തിൽ 6760 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഡീൻ നേടിയത്. എസ്.രാജേന്ദ്രൻ വിവാദം കത്തിനിന്ന ദേവികുളത്ത് 12437 വോട്ടുകളുടെയും ഇടുക്കിയിലെ ജയപരാജയങ്ങൾ നിശ്ചയിക്കുന്ന പീരുമേട്ടിൽ 14641 വോട്ടുകളുടെയും ഭൂരിപക്ഷം ഡീനുണ്ടായി.
ഏഴ് നിയമസഭാമണ്ഡലങ്ങളിൽ അഞ്ചിടത്തും വ്യക്തമായ ആധിപത്യമുണ്ടായിരുന്നിട്ടും അടിപതറിയതിന്റെ കാരണം തേടുകയാണ് ജില്ലയിലെ എൽ.ഡി.എഫ് നേതൃത്വം.