കറുപ്പിനോട് വിവേചനം തുടരുന്നു: കെ. രാധാകൃഷ്ണൻ എംപി
ചീഫ് സെക്രട്ടറിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചത് തെറ്റെന്ന് കെ. മുരളീധരൻ


തിരുവനന്തപുരം: സമൂഹത്തിൽ കറുപ്പിനോട് ഇപ്പോഴും വിവേചനം തുടരുകയാണെന്ന് കെ. രാധാകൃഷ്ണൻ എം.പി. നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിറവും ജാതിയുമെല്ലാം ഇപ്പോഴും സമൂഹത്തിൽ വലിയ ചർച്ചക്ക് വിധേയമാകുന്നു. ജാതി വ്യവസ്ഥയുടെ ദുരന്തം പേറുന്നവരാണ് ഭൂരിപക്ഷവും. അതോടൊപ്പം തന്നെയാണ് നിറത്തിന്റെ പേരിലും ആട്ടിയോടിക്കപ്പെടുന്ന സ്ഥിതിയുണ്ടാകുന്നത്.
നിറത്തിന്റെ പേരിൽ ലോകത്താകമാനം വിവേചനം ഉണ്ട്. ആധിപത്യം സ്ഥാപിച്ചവർ എപ്പോഴും അവരുടെ സംസ്കാരവും നിറവും ഭാഷയുമെല്ലാമാണ് മഹത്തരമെന്ന് നമ്മെ പഠിപ്പിച്ചു. അതുകൊണ്ടാണ് നമ്മൾ വെളുക്കാൻ ആഗ്രഹിക്കുന്നത്. കറുപ്പ് മോശമാണെന്ന് പറഞ്ഞത് ആധിപത്യം സ്ഥാപിച്ചവരാണ്.
കാക്ക കുളിച്ചാൽ കൊക്കാകുമോ എന്ന് ചോദിക്കാറുണ്ട്. ഇത് കറുപ്പിനെ നിഷേധിക്കാൻ പറയുന്നതാണ്. എന്നാൽ, കൊക്ക് കുളിച്ചാൽ കാക്കയാകുമോ എന്ന ചോദ്യം ആരും ചോദിക്കുന്നില്ല. ഇത്തരം സംഭവങ്ങൾ തുറന്നുപറയുമ്പോൾ സമൂഹം അത് ഏറ്റെടുക്കുകയും അതിനെതിരായ ചിന്തകൾ ഉയർന്നുവരുമെന്നും കെ. രാധാകൃഷ്ണൻ എംപി കൂട്ടിച്ചേർത്തു.
ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ ധീരമായ പ്രതികരണം മുൻവിധികൾക്ക് വിധേയരായ വ്യക്തികൾ നേരിടുന്ന വെല്ലുവിളികളിലേക്ക് കൂടി വെളിച്ചം വീശുന്നതാണെന്ന് മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. പുരോഗമന കേരളത്തിൽ ചർമത്തിന്റെ നിറത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് സ്ഥാനമില്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ശാരദ മുരളീധരനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. പൊതുസേവനത്തോടുള്ള അവരുടെ നേതൃപരമായ സമർപ്പണം മാതൃകാപരമാണ്, വ്യക്തികളെ അവർ സമൂഹത്തിന് നൽകുന്ന സംഭാവനകൾക്ക് വിലമതിക്കുന്ന ഒരു ഉൾക്കൊള്ളുന്ന അന്തരീക്ഷം വളർത്തിയെടുക്കുന്നതിന് നാം കൂട്ടായി പ്രവർത്തിക്കണം. ഇത് സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ ആരംഭിക്കണം. അതിനായി അധ്യാപകരും രക്ഷിതാക്കളും മുൻകൈയെടുക്കണമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
ചീഫ് സെക്രട്ടറിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചത് തെറ്റാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. മനുഷ്യന്റെ നിറത്തെക്കുറിച്ച് ആരും കുറ്റം പറയാൻ പാടില്ല. അതൊക്കെ നമുക്ക് പ്രകൃതിദത്തമായി ലഭിക്കുന്നതാണ്. കറുപ്പും പല നിറങ്ങളിൽ ഒന്നാണ്. പക്ഷെ, കറുപ്പിനോടുള്ള അലർജി കേരളത്തിൽ ആദ്യം തുടങ്ങിയത് പിണറായി വിജയനാണ്. കറുപ്പ് കൊടിക്കെതിരെ അദ്ദേഹം പ്രചാരണം നടത്തിയപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യൻമാർ കറുപ്പിനെതിരെ തന്നെ രംഗത്തുവന്നു. ഇത് രണ്ടും തെറ്റാണെന്നും കെ. മുരളീധരൻ പറഞ്ഞു.
നിറം ആരും ചോദിച്ചുവാങ്ങുന്നതല്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള നിറം കറുപ്പാണ്. അതിനാൽ തന്നെ പലപ്പോഴും കരിങ്കൊടി കാണിക്കുമ്പോൾ താൻ ചിരിക്കാറുണ്ട്. നിറവും ജാതിയും ഒരു പ്രശ്നമല്ല. മുന്നാക്ക സമുദായത്തിലോ പിന്നാക്ക സമുദായത്തിലോ ജനിച്ചത് കാരണം ആർക്കും അവകാശങ്ങൾ നിഷേധിക്കാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.
നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടെന്ന ചീഫ് സെക്രട്ടറിയുടെ പോസ്റ്റ് വർണ്ണ ജാതി വിവേചനത്തിന്റെ ഭയാനകത സൂചിപ്പിക്കുന്നതാണെന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞു. കേരളത്തിൽ ഇത്തരം സംഭവമുണ്ടായി എന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
നിറത്തിന്റെ പേരിൽ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. സമൂഹത്തിനാകെ നാണക്കേടാണ് ഇത്തരം കാര്യങ്ങൾ. എല്ലാ നിറവും ഭംഗിയുള്ളതാതെന്നും അദ്ദേഹം വ്യക്തമാക്കി.
തുറന്നുപറയാൻ ചീഫ് സെക്രട്ടറി കാണിച്ച ധൈര്യം അഭിനന്ദനാർഹമാണെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. എന്തൊരു മനസികാവസ്ഥയാണ് നമ്മുടെ നാട്ടിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ചീഫ് സെക്രട്ടറി ചോദിച്ച ചോദ്യം നമ്മളെല്ലാവരും ചോദിക്കേണ്ടതാണ്. ദൈനംദിനം എത്രയോ പേർ അവഹേളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ആർ.എൽ.വി രാമകൃഷ്ണൻ അടക്കം അധിക്ഷേപിക്കപ്പെട്ടു. നമ്മൾ സംസ്കരിക്കേണ്ട മറ്റൊരു മനോഭാവമാണിത്. പൂർണമായും ചീഫ് സെക്രട്ടറിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി.