കൊല്ലത്ത് ഡോക്ടറെ മർദിച്ച സംഭവം; പഞ്ചായത്ത് പ്രസിഡന്‍റ് അറസ്റ്റിൽ
പത്മാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീകുമാർ ഡിസ്ചാർജ് ആയതിന് പിന്നാലെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊല്ലം ശാസ്തംകോട്ട താലൂക്ക് ആശുപത്രിയിൽ സർക്കാർ ഡോക്ടറെ മർദിച്ച സംഭവത്തിൽ ശൂരനാട് വടക്ക് പഞ്ചായത്ത് ശ്രീകുമാർ അറസ്റ്റിൽ. സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ശ്രീകുമാര്‍ അടക്കം ഏഴു പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നത്. അതിനിടെ ആക്രമണത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് ആശുപത്രി സൂപ്രണ്ടിനോട് ഭീഷണി മുഴക്കുന്ന ഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു.
പത്മാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീകുമാർ ഡിസ്ചാർജ് ആയതിന് പിന്നാലെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ ശ്രീകുമാറിന് പുറമെ ഡി.സി.സി ജനറൽ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാർ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിതിൻ കല്ലട എന്നിവരെയും കണ്ടാലറിയുന്ന നാലുപേരെയുമാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ്.
ആക്രമണവുമായി ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷഹാന മുഹമ്മദ് നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ ഒ.പി ബഹിഷ്കരിച്ച് ആശുപത്രി ജീവനക്കാര്‍ നടത്തിയ സമരം അവസാനിപ്പിച്ചു.