വളാഞ്ചേരിയിൽ ഇരട്ടത്തലയും ഒറ്റ ഉടലുമായി പശുക്കിടാവ്; പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ

ഭ്രൂണ വളർച്ചാ സമയത്തെ തകരാറുമൂലം ആണ് ഇത്തരം കുഞ്ഞുങ്ങൾ ജനിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.

Update: 2023-02-13 17:58 GMT
Advertising

വളാഞ്ചേരി: വളാഞ്ചേരിയിൽ ഇരട്ടത്തലയും ഒറ്റ ഉടലുമായി പശുക്കിടാവ് ജനിച്ചു. ആതവനാട് പാറയിൽ വാണിയന്തൊടി സൈതലവി എന്ന കർഷകന്റെ ജേഴ്സി ഇനത്തിൽ പെട്ട പശുവാണ് ഇരട്ട തലയുള്ള പശുക്കിടാവിന് ജന്മം നൽകിയത്. പശു പ്രസവ ലക്ഷണങ്ങൾ കാണിച്ചതോടെ സൈതലവി അധികൃതരെ വിവരമറിയിച്ചു. ലൈവ്‌സ്റ്റോക് ഇൻസ്പെക്ടർ സാജു പ്രാഥമിക പരിശോധന നടത്തി, ഡോക്ടർമാരെ വിവരമറിയിച്ചു. ഡോക്ടറെത്തി പരിശോധിച്ചപ്പോൾ അത്യപൂർവ്വമായി മാത്രം കണ്ടുവരുന്ന ബൈസെഫാലിക് (രണ്ടു തലകളുള്ള കിടാവ് ) ആണെന്ന് കണ്ടെത്തി.

സാധാരണ പ്രസവം സാധ്യമാകാത്തതിനാൽ ശസ്ത്രക്രിയയിലൂടെ പശുക്കിടാവിനെ പുറത്തെടുക്കുകയുമായിരുന്നു. എന്നാൽ പുറത്തെടുക്കുമ്പോൾ തന്നെ കിടാവിന് ജീവനുണ്ടായില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഭ്രൂണ വളർച്ചാ സമയത്തെ തകരാറുമൂലം ആണ് ഇത്തരം കുഞ്ഞുങ്ങൾ ജനിക്കുന്നതെന്നും ജനനസമയത്ത് ജീവൻ ഉണ്ടെങ്കിൽ പോലും അധികനാൾ ഇത്തരം കുഞ്ഞുങ്ങൾ ജീവിച്ചിരിക്കാറില്ല എന്നും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ വിശദീകരിച്ചു. ഡോക്ടർ വിമൽ സി വർഗീസ്, ഡോക്ടർ സബീർ ഹുസൈൻ, എന്നിവർക്കൊപ്പം മാറാക്കര വെറ്റിനറി സർജൻ ഡോക്ടർ ഷുഹൈബ്, എം.വി.യു ഡോക്ടർ ഷഫ്ന എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News