കേരളത്തിൽ ഹിന്ദു യുവാക്കളെ മയക്കുമരുന്ന് നൽകി ജിഹാദികളാക്കി മാറ്റാൻ ശ്രമം: ആർഎസ്എസ് മുഖപത്രം
കേരളത്തിൽ മയക്കുമരുന്ന് വ്യാപാരത്തിന് പൊലീസ് പിടിയിലാകുന്നതിൽ 90 ശതമാനം പ്രതികളും ഒരു പ്രത്യേക മതവിഭാഗക്കാരാകുന്നത് യാദൃശ്ചികമല്ലെന്നും 'ലഹരിയിൽ മുങ്ങിമരിക്കുന്ന കേരളം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പറയുന്നു.
കോഴിക്കോട്: ഹിന്ദു കുടുംബങ്ങളുടെ കെട്ടുറപ്പ് തകർത്ത് അവരെ ജിഹാദികളും അരാജകവാദികളുമാക്കി മാറ്റാൻ യുവാക്കളെയും വിദ്യാർഥികളെയും മയക്കുമരുന്നിന്റെ ഇരകളാക്കി മാറ്റുക എന്ന തന്ത്രമാണ് ഇന്ന് രാജ്യവിരുദ്ധ ശക്തികൾ കേരളത്തിൽ പയറ്റിക്കൊണ്ടിരിക്കുന്നതെന്ന് ആർഎസ്എസ് മുഖപത്രമായ കേസരി. കേരളത്തിൽ മയക്കുമരുന്ന് വ്യാപാരത്തിന് പൊലീസ് പിടിയിലാകുന്നതിൽ 90 ശതമാനം പ്രതികളും ഒരു പ്രത്യേക മതവിഭാഗക്കാരാകുന്നത് യാദൃശ്ചികമല്ലെന്നും 'ലഹരിയിൽ മുങ്ങിമരിക്കുന്ന കേരളം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പറയുന്നു.
അതിർത്തി സംസ്ഥാനമായ പഞ്ചാബിന് സമാനമായ രീതിയിൽ ഏതെങ്കിലും രാജ്യവുമായി അതിർത്തി പങ്കിടാത്ത കേരളത്തിലും ലഹരിമരുന്ന് മാഫിയ വളരുകയാണ്. ഇതിന്റെ കാരണങ്ങളിലേക്ക് അന്വേഷിച്ചെത്തിയാൽ അതിന്റെ പിന്നിൽ ആഗോള ഗൂഢാലോചനകൾ ഉള്ളതായി കാണാം. രാജ്യത്തെ ദുർബലപ്പെടുത്താൻ അവിടത്തെ യുവാക്കളെ മയക്കുമരുന്നിന് അടിമകളാക്കിയാൽ മതിയാകുമെന്ന് മനസ്സിലാക്കുന്ന ശത്രുരാജ്യങ്ങളുടെ നിഗൂഢ കരങ്ങൾ മയക്കുമരുന്ന്, ലഹരിക്കടത്തിന് പിന്നിലുണ്ടെന്നും മുഖ്യപ്രസംഗത്തിൽ ആരോപിക്കുന്നു.
മാവോയിസ്റ്റ്, മുസ്‌ലിം ഭീകരസംഘടനകൾ അവരുടെ പ്രവർത്തന മൂലധനം കണ്ടെത്തുന്നത് മയക്കുമരുന്ന് വ്യാപാരത്തിൽനിന്നാണ്. പെട്രോ ഡോളറിനെ മാത്രം ആശ്രയിച്ച് ഇനി ജിഹാദ് നടത്താനാവില്ലെന്ന് മനസ്സിലാക്കുന്ന ആഗോള മുസ്‌ലിം ഭീകര സംഘടനകൾ ഇന്ന് മയക്കുമരുന്ന് വ്യാപാരത്തിൽ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. താലിബാന്റെ ഉടമസ്ഥതയിലുള്ള അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്ന് കൃഷിയിടങ്ങളിൽനിന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഏറെ മയക്കുമരുന്നും കയറ്റിപ്പോവുന്നത്. ഇന്ത്യയിൽ ഈ പ്രവർത്തനം ആസൂത്രിതമായി നടത്തുന്നത് മാവോയിസ്റ്റ് ഭീകരസംഘടനകളാണെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.
അരാജകമായ ആശയങ്ങൾ കാമ്പസുകളിൽ പ്രചരിപ്പിച്ച് വിദ്യാർഥികളിൽ അസ്വസ്ഥതയുണ്ടാക്കാൻ അവരെ മയക്കുമരുന്നിന് അടിമകളാക്കേണ്ടതുണ്ട്. കേരളത്തിലെ ഇടതുപക്ഷ അനുകൂല മനോഭാവം തന്ത്രപരമായി ഉപയോഗിച്ചുകൊണ്ടാണ് മാവോയിസ്റ്റ്, മുസ്‌ലിം ഭീകരസംഘടനകൾ സംയുക്തമായും അല്ലാതെയും കേരളത്തിൽ മയക്കുമരുന്ന് വ്യാപാരം നടത്തുന്നതെന്നും മുഖപ്രസംഗം പറയുന്നു.