ലഹരി മാഫിയയുടെ ശല്യം മൂലം വ്യവസായം ഉപേക്ഷിക്കേണ്ട ഗതികേടില്‍; പരാതിയുമായി പ്രവാസി വ്യവസായി
പൊലീസിൽ പരാതി നല്‍കിയിട്ടും പ്രയോജനം ഉണ്ടായില്ലെന്നും ജോർജ് വർഗീസ് മീഡിയവണിനോട് പറഞ്ഞു
കോട്ടയം: ലഹരി മാഫിയയുടെ നിരന്തര ശല്യം മൂലം വ്യവസായം ഉപേക്ഷിക്കേണ്ട ഗതികേടിലാണെന്ന് പ്രവാസി വ്യവസായി. കോട്ടയം അതിരമ്പുഴയിൽ കള്ളുഷാപ്പും റസ്റ്റോറന്‍റും നടത്തുന്ന ജോർജ് വർഗീസാണ് ലഹരി സംഘത്തിന്‍റെ ആക്രമണത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പൊലീസിൽ പരാതി നല്‍കിയിട്ടും പ്രയോജനം ഉണ്ടായില്ലെന്നും ജോർജ് വർഗീസ് മീഡിയവണിനോട് പറഞ്ഞു.
13 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് ജോർജ് വർഗീസ് എന്ന വ്യവസായി നാട്ടിലെത്തി ഈ സംരംഭം തുടങ്ങിയത്. എന്നാൽ ലഹരി മാഫിയ സംഘത്തിൽ ഉൾപ്പെട്ട ചിലർ നിരന്തരം ഇവിടെയെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് . സ്ഥാപനത്തിലെത്തി ലഹരി ഉപയോഗിക്കുന്ന സംഘം ഇവിടെയെത്തുന്നവരെ മർദ്ദിക്കുന്നതും പതിവാണ് . ഇതോടെ വലിയ പ്രതിസന്ധിയാണ് ഈ വ്യവസായിക്ക് മുന്നിൽ ഉടലെടുത്തിരിക്കുന്നത്. നാടുകടത്തിയ ഗുണ്ടകൾ അടക്കം ഈ കൂട്ടത്തിൽ ഉണ്ടെന്നാണ് ജോർജ് വർഗീസ് പറയുന്നത്. മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസിൽ നൽകിയിട്ടും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
ഗുണ്ടാ മാഫിയുടെ ആക്രമണം ഭയന്ന് ജീവനക്കാരും ഇപ്പോൾ ഇവിടെ ജോലിക്ക് എത്തുന്നില്ല. നടപടി ഉണ്ടായില്ലെങ്കിൽ ലക്ഷങ്ങൾ മുടക്കിയ സ്ഥാപനം അടച്ചുപൂട്ടേണ്ടി വരുമെന്നാണ് ജോർജ് വർഗീസ് പറയുന്നത്.