കരുവന്നൂർ കള്ളപ്പണ ഇടപാട്; എം.എം വർഗീസിനെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ഏരിയ കമ്മറ്റികൾ അടക്കം വിവിധ കമ്മിറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
തൃശൂര്‍: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൂന്ന് നോട്ടീസുകൾ നൽകിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഹാജരാകാമെന്ന് വർഗീസ് ഇ.ഡിയെ അറിയിക്കുകയിരുന്നു. ഏരിയ കമ്മറ്റികൾ അടക്കം വിവിധ കമ്മിറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്കിലെ അടക്കം സി.പി.എമ്മിന്‍റെ പേരിലുള്ള രഹസ്യ അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറി എം.എം വർഗീസിന്‍റെ അറിവോടെയെന്നാണ് ഇ.ഡി ആരോപണം. എന്നാൽ സി.പി.എമ്മിന് രഹസ്യ അക്കൗണ്ടുകൾ ഇല്ലെന്നാണ് വർഗീസിന്‍റെ പ്രതികരണം.
കരുവന്നൂർ ബാങ്കിൽ സി.പി.എമ്മിന്‍റെ പേരിൽ അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ.ഡി കണ്ടെത്തൽ. ഇതിലൂടെ 50 ലക്ഷത്തിന്‍റെ ഇടപാട് നടന്നെന്നും 72 ലക്ഷത്തിന്‍റെ നിക്ഷേപമുണ്ടെന്നും ആരോപണമുണ്ട്.