എസ്.എസ്.എൽ.സി ട്രോളുകളിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി
"മഹാമാരി മൂലം സ്കൂളിൽ പോകാനോ കളിക്കാനോ കൂട്ടുകാരെ കാണാനോ കഴിയാതെ നിരാശരാണ് ഭൂരിപക്ഷം കുട്ടികളും"
എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട് വന്ന ട്രോളുകളോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി." മഹാമാരി മൂലം സ്കൂളിൽ പോകാനോ കളിക്കാനോ കൂട്ടുകാരെ കാണാനോ കഴിയാതെ നിരാശരാണ് ഭൂരിപക്ഷം കുട്ടികളും. അവർക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നൽകേണ്ട ഉത്തരവാദിത്വം രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും മാത്രമല്ല സമൂഹത്തിനാകെയാണ്." - അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
സംസ്ഥാനത്തെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ മേന്മയെ കുറിച്ചും SSLC ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള വിമർശനത്തിനെതിരേയുമുള്ള
GHSS പെരുവള്ളൂരിലെ വിദ്യാർഥിനി ദിയയുടെ കുറിപ്പ് ഞാൻ ഇന്നലെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. വൈറൽ ഫീവർ മൂലം ചികിത്സയിൽ ആയ ഞാൻ ആശുപത്രിയിൽ നിന്ന് ദിയയെ ഇന്ന് വിളിച്ചു.
SSLC ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വരുന്ന നെഗറ്റീവ് കമന്റുകളും ട്രോളുകളും കുട്ടികൾക്ക് മനോവിഷമം ഉണ്ടാക്കുന്നുണ്ട് എന്ന് തന്നെയാണ് ദിയ എന്നോട് പറഞ്ഞത്. ഈ മഹാമാരിക്കാലത്ത് ഏറെ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതിയ തങ്ങളെ എന്തിനാണ് ഇത്തരത്തിൽ വിമർശിക്കുന്നത് എന്നാണ് ദിയ ചോദിക്കുന്നത്.
ദിയയെ പോലെ തന്നെ കേരളത്തിലെമ്പാടുമുള്ള SSLC വിജയികളായ എല്ലാ കുട്ടികളും ഇത്തരം ആക്ഷേപങ്ങൾ കാരണം വിഷമിക്കുന്നുണ്ട്. മഹാമാരി മൂലം സ്കൂളിൽ പോകാനോ കളിക്കാനോ കൂട്ടുകാരെ കാണാനോ കഴിയാതെ നിരാശരാണ് ഭൂരിപക്ഷം കുട്ടികളും. അവർക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നൽകേണ്ട ഉത്തരവാദിത്വം രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും മാത്രമല്ല സമൂഹത്തിനാകെയാണ്.
തമാശ നല്ലതാണ്. പക്ഷെ അത് നമ്മുടെ കുഞ്ഞുങ്ങളെ വേദനിപ്പിക്കുന്നതും തളർത്തുന്നതും ആകരുതെന്ന് വിനയത്തോടെ ഓർമ്മിപ്പിക്കുന്നു. ദിയയുടെ വാക്കുകൾ നമുക്ക് അതിന്റെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാം. ദിയയുടേയും മറ്റു കുട്ടികളുടേയും അവരുടെ പ്രതിജ്ഞാബദ്ധരായ അധ്യാപകരുടേയും ഒപ്പം നിൽക്കാൻ എല്ലാവരും തയാറാകണമെന്ന് സ്നേഹത്തോടെ അപേക്ഷിക്കുന്നു.
ഇംഗ്ലീഷിൽ ഉപരിപഠനമാണ് ദിയയുടെ ആഗ്രഹം. സിവിൽ സർവീസ് ലക്ഷ്യം വക്കണമെന്ന് ഞാനും നിർദേശിച്ചു. ദിയമോൾക്കും മറ്റെല്ലാ കൂട്ടുകാർക്കും ജീവിതത്തിൽ എല്ലാ വിജയവും ആശംസിക്കുന്നു.