ഇലന്തൂർ നരബലിക്കേസ്; വിയ്യൂർ ജയിലിലെത്തി പ്രതികളെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്
സരോജിനി കൊലക്കേസിലാണ് ഭഗവൽ സിങ്, ലൈല, ഷാഫി എന്നിവരെ ചോദ്യം ചെയ്തത്.
പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിലെ പ്രതികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇലന്തൂരിലെ സരോജിനി കൊലക്കേസിലാണ് ഭഗവൽ സിങ്, ലൈല, ഷാഫി എന്നിവരെ ചോദ്യം ചെയ്തത്. കഴിഞ്ഞയാഴ്ച വിയ്യൂർ ജയിലിലെത്തിയായിരുന്നു ചോദ്യം ചെയ്യൽ.
സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്തതാണെന്നും തെളിവുകൾ ഒന്നും കിട്ടിയിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു. 2014 സെപ്റ്റംബറിലാണ് വീട്ടുജോലിക്ക് പോയ സരോജിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹ സാഹചര്യത്തിൽ വഴിയരികിലാണ് മൃതദേഹം കണ്ടെത്തിയത്. 2018ൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസ് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
അതേസമയം, ഇലന്തൂർ ഇരട്ട നരബലി കേസിൽ 90 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം നൽകിയെങ്കിലും വിചാരണ വൈകുകയാണ്. കുടുംബത്തിന്‍റെ സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് സ്ത്രീകളെ ബലി നൽകാൻ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്.