സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വർധന ഇന്ന് മുതൽ; വലിയ വർധനയുണ്ടാവില്ലെന്ന് മന്ത്രി

വൈദ്യുതി ചാർജ് കുടിശ്ശിക ഇനത്തിൽ കെഎസ്ഇബിക്ക് പിരിഞ്ഞുകിട്ടാനുള്ളത് 2,117 കോടി രൂപയാണ്. വൈദ്യുതി നിരക്ക് വർധനവിനായി കെഎസ്ഇബി , റഗുലേറ്ററി കമ്മീഷന് താരിഫ് പെറ്റീഷൻ സമർപിച്ച സാഹചര്യത്തിലാണ്, വൻകിട ഉപഭോക്താക്കളിൽ നിന്ന് പിരിഞ്ഞ് കിട്ടാനുള്ള തുക സജീവ ചർച്ചയായത്.

Update: 2022-06-25 02:36 GMT
Advertising

പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഇന്നു മുതൽ വർധിക്കും. പുതിയ നിരക്ക് റെഗുലേറ്ററി കമ്മീഷൻ ഇന്ന് ഉച്ചക്ക് പ്രഖ്യാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. വരവും ചെലവും കണക്കാക്കിയുള്ള വർധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിരക്ക് തീരുമാനിക്കാനുള്ള അധികാരം വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി വ്യക്തമാക്കി.

ഗാർഹിക വൈദ്യുതി നിരക്കിൽ 18 ശതമാനം വർധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മീഷന് സമർപ്പിച്ചിട്ടുള്ളത്. യൂണിറ്റിന് ശരാശരി 92 പൈസയുടെ വർധന വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. 2022-23 സാമ്പത്തിക വർഷത്തിലെ നിരക്ക് വർധനക്കുള്ള താരിഫ് പ്ലാനാണ് കെഎസ്ഇബി റഗുലേറ്ററി കമ്മീഷന് സമർപ്പിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷം 2,852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. യൂണിറ്റിന് 92 പൈസ നിരക്ക് വർദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.

ഗാർഹിക ഉപഭോക്താക്കൾക്ക് ശരാശരി 18.14 ശതമാനം നിരക്ക് കൂട്ടണം. ചെറുകിട വ്യവസായിക ഉപഭോക്താക്കൾക്ക് 11.88 ശതമാനവും, വൻകിട വ്യാവസായിക ഉപഭോക്താക്കൾക്ക് 11.47 ശതമാനം വർധനയും വേണമെന്നാണ് കെഎസ്ഇബിയുടെ ശിപാർശ. ചെറുകിട കാർഷിക ഉപഭോക്താക്കൾക്ക് നിലവിൽ യൂണിറ്റിന് 2.75 രൂപയെന്നത് 3.64 രൂപയാക്കണം. വൻകിട കാർഷിക ഉപഭോക്താക്കൾക്ക് 5.67 രൂപയെന്നത് 6.86 രൂപയാക്കി ഉയർത്തണം. കൊച്ചി മെട്രോക്കുള്ള നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയർത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. 2019 ജൂലൈ 19 ന് അംഗീകരിച്ച വൈദ്യുതി നിരക്കാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

അതേസമയം വൈദ്യുതി ചാർജ് കുടിശ്ശിക ഇനത്തിൽ കെഎസ്ഇബിക്ക് പിരിഞ്ഞുകിട്ടാനുള്ളത് 2,117 കോടി രൂപയാണ്. വൈദ്യുതി നിരക്ക് വർധനവിനായി കെഎസ്ഇബി , റഗുലേറ്ററി കമ്മീഷന് താരിഫ് പെറ്റീഷൻ സമർപിച്ച സാഹചര്യത്തിലാണ്, വൻകിട ഉപഭോക്താക്കളിൽ നിന്ന് പിരിഞ്ഞ് കിട്ടാനുള്ള തുക സജീവ ചർച്ചയായത്. ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ചുള്ളതാണ് ഈ തുക. ഇതിൽ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക 1,020.74 കോടിയാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശ്ശിക 1,023.76 കോടിയും. വൻകിട ഉപഭോക്താക്കളുടെ കുടിശ്ശിക പിരിച്ചെടുക്കാൻ സത്വര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News