തോക്കും പണവും തന്ന് കൊല്ലാനയച്ചത് സുധാകരനെന്ന് പറഞ്ഞത് പ്രതികൾ; ഹൈക്കോടതി കുറ്റവിമുക്തനാക്കിയാലും സുധാകരൻ കുറ്റക്കാരനല്ലാതാവില്ല: ഇ.പി ജയരാജൻ

പാർട്ടി കോൺഗ്രസ് കഴിഞ്ഞു മടങ്ങുന്നതിനിടെ ട്രെയ്‌നിൽവച്ച് ഇ.പി ജയരാജനെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ കെ. സുധാകരനെ ഇന്ന് കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

Update: 2024-05-21 10:28 GMT
Advertising

കണ്ണൂർ: തോക്കും പണവും തന്ന് തന്നെ കൊല്ലാനയച്ചത് കെ. സുധാകരനാണെന്ന് പറഞ്ഞത് കേസിൽ പിടിയിലായ പ്രതികൾ തന്നെയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. പ്രതികളുടെ മൊഴി അനുസരിച്ച് പൊലീസ് എഫ്.ഐ.ആർ ഇട്ടതുമാണ്. പക്ഷേ അന്നത്തെ കേന്ദ്ര ഭരണം ഉപയോഗിച്ച് കേസ് രണ്ടായി വിഭജിക്കുകയായിരുന്നു. നേരിട്ട് കുറ്റകൃത്യം ചെയ്ത രണ്ടുപേരെ കോടതി ശിക്ഷിച്ചതാണെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

1995 ഏപ്രിൽ 12ന് ചണ്ഡിഗഢിൽനിന്ന് പാർട്ടി കോൺഗ്രസ് കഴിഞ്ഞു മടങ്ങുന്നതിനിടെ ട്രെയ്‌നിൽവച്ച് ഇ.പി ജയരാജനെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ കെ. സുധാകരനെ ഇന്ന് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഹൈക്കോടതി കുറ്റവിമുക്തനാക്കിയാലും സുധാകരൻ കുറ്റവാളി അല്ലാതാകുന്നില്ലെന്ന് ജയരാജൻ പറഞ്ഞു. ഈ സംഭവത്തിൽ കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതും ആസൂത്രണം ചെയ്തതും പ്രതികളെ തോക്ക് കൊടുത്ത് അയച്ചതുമെല്ലാം സുധാകരനാണ്. ഈ വിധിയുടെ പേരിൽ മാത്രം ഇല്ലാതാകുന്നതല്ല സുധാകരന്റെ കളങ്കമെന്നും ജയരാജൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എന്നെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ തുടർ നിയമനടപടി സ്വീകരിക്കും. ഇതിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകണം. തെളിവുകളുടെ അഭാവത്തിൽ കുറ്റവാളികൾ രക്ഷപ്പെടാൻ ഇടയാക്കുന്നത് നിയമ വ്യവസ്ഥയെ ദുർബലപ്പെടുത്തും. ഈ കേസിലും അതാണ് സംഭവിച്ചത്. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കണം.

എന്നെ വെടിവെച്ച കേസിൽ അന്ന് രണ്ട് പ്രതികളെയാണ് പിടികൂടിയത്. രണ്ട് പേരും പോലീസിൽ നൽകിയ മൊഴിയിൽ പറഞ്ഞത് തോക്കും പണവും തന്ന് കൊല്ലാനയച്ചത് കെ സുധാകരൻ എന്നായിരുന്നു. അതനുസരിച്ച് പോലീസ് എഫ്ഐആർ ഇട്ടതുമാണ്. പക്ഷെ, അന്നത്തെ കേന്ദ്ര ഭരണം ഉപയോഗിച്ച്‌ കേസ് വിഭജിച്ച് രണ്ടാക്കി. നേരിട്ട് കുറ്റകൃത്യം നടത്തിയ രണ്ട് പേരെ വിചാരണ നടപടികൾക്ക് ശേഷം കോടതി ശിക്ഷിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് ഗൂഢാലോചന കുറ്റത്തിന് സുധാകരനെതിരെ കേസ്‌ എടുക്കണമെന്ന്‌ ആവശ്യപ്പെട്ട് ഗൂഢാലോചന നടന്ന സ്ഥലങ്ങളിലൊന്ന് എന്ന നിലയിൽ തിരുവനന്തപുരത്ത് സെഷൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്തത്. അങ്ങനെയാണ് തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷം സുധാകരനെ പ്രതിയാക്കി സെഷൻസ് കോടതി കേസ് എടുത്തത്.

ആ കേസിലാണ് ഇപ്പോൾ ഹൈക്കോടതി സുധാകരനെ കുറ്റവിമുക്തനാക്കിയത്. ഇക്കാര്യത്തിൽ പ്രോസിക്യൂഷനൊ എൻ്റെ അഭിഭാഷകനൊ തെളിവുകൾ ഹാജരാക്കുന്നതിൽ വല്ല വീഴ്ചയുമുണ്ടായൊ എന്നറിയില്ല.

ഏതായാലും ഹൈക്കോടതി കുറ്റവിമുക്തനാക്കിയാലും സുധാകരൻ കുറ്റവാളി അല്ലാതാകുന്നില്ല. ഈ സംഭവത്തിൽ കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതും ആസൂത്രണം ചെയ്തതും പ്രതികളെ തോക്ക് കൊടുത്ത് അയച്ചതുമെല്ലാം സുധാകരനാണ്. ഈ വിധിയുടെ പേരിൽ മാത്രം ഇല്ലാതാകുന്നതല്ല സുധാകരൻ്റെ കളങ്കം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News