ഇ.പി ജയരാജൻ പണിയെടുക്കുന്നത് ബി.ജെ.പിക്ക് വേണ്ടി: രമേശ് ചെന്നിത്തല
'കോൺഗ്രസ് തകർന്നുവെന്ന് ഇ.പി ജയരാജൻ നിരന്തരം പറയുന്നത് ബി.ജെ.പിയെ സഹായിക്കാൻ'
കോഴിക്കോട്: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല. ഇ.പി ജയരാജന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന നിലപാടിൽ നൂറ് ശതമാനം ഉറച്ചുനിൽക്കുന്നു. കോൺഗ്രസ് തകർന്നു എന്ന് ജയരാജൻ പറയുന്നത് ബി.ജെ.പിയെ വളർത്താനുള്ള തന്ത്രമാണ്. ബി.ജെ.പിയുടെ നാല് സ്ഥാനാർഥികൾ മികച്ചതാണെന്ന ജയരാജന്റെ പ്രസ്താവന ബി.ജെ.പിയെ ശക്തിപെടുത്തി കോൺഗ്രസിന് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ്. കേരളത്തിലെ കോൺഗ്രസിനെ തകർത്ത് ബി.ജെ.പിയെ വളർത്തുകയെന്ന സി.പി.എമ്മിന്റെ ആഗ്രഹമാണ് ജയരാജനിലൂടെ പ്രകടമായത്. ജയരാജന്റെ പ്രസ്താവന മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ തള്ളിപ്പറയാത്തത് സംശയാസ്പദമാണെന്നും ചെന്നിത്തല പറഞ്ഞു. മീഡിയവണിന്റെ 'നേതാവ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ഇ.പി ജയരാജന് പങ്കാളിത്തമുള്ള റിസോർട്ട് നടത്തുന്നത് രാജീവ് ചന്ദ്രശേഖരന്റെ സ്ഥാപനമാണ്, ഇവർ തമ്മിൽ അന്തർധാരയില്ലാതെ ഇത്തരമൊരു പദ്ധതിയുണ്ടാവില്ല. ലാവ്ലിൻ കേസ് വിചാരണ നീട്ടിവച്ചതും സ്വർണക്കടത്ത് കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കാത്തതും സി.പി.എം-ബി.ജെ.പി ബന്ധത്തിന്റെ തെളിവുകളാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ടുകൾ മറിച്ചതാണ് എൽ.ഡി.എഫിന്റെ വിജയത്തിന് കാരണമായതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.