ഇ.പി ജയരാജന്റെ പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താൻ ഡിജിപിയുടെ നിർദേശം
പുസ്തകത്തിന്റെ പിഡിഎഫ് ചോർന്നത് ഡിസി ബുക്‌സിൽ നിന്നാണെന്ന് കണ്ടെത്തലുണ്ടെങ്കിലും ഇത് എങ്ങനെ നടന്നു എന്നത് റിപ്പോർട്ടിലില്ല
തിരുവനന്തപുരം: ഇ.പി ജയരാജന്റെ പുസ്തക വിവാദത്തിൽ റിപ്പോർട്ട് മടക്കി ഡിജിപി. വീണ്ടും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോട്ടയം എസ്പിക്ക് നിർദേശം നൽകി. പുസ്തകത്തിന്റെ പിഡിഎഫ് ചോർന്നത് ഡിസി ബുക്‌സിൽ നിന്നാണെന്നാണ് കണ്ടെത്തൽ.
റിപ്പോർട്ട് സമഗ്രമല്ലെന്നും പ്രധാനപ്പെട്ട ഒരു കണ്ടെത്തലുകളുമില്ല എന്നുമാണ് ഡിജിപിയുടെ വിലയിരുത്തൽ. പിഡിഎഫ് ചോർന്നത് ഡിസിയുടെ ഓഫീസിൽ നിന്നാണെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ടെങ്കിലും ഇത് എവിടെ നിന്നാണെന്നോ എങ്ങനെയാണെന്നോ റിപ്പോർട്ടിൽ പരാമർശമില്ല.
ഇ.പിയും ഡിസിയും തമ്മിൽ കരാറില്ലെന്നും റിപ്പോർട്ടിൽ കണ്ടെത്തലുണ്ടെങ്കിലും ഇതിലും കൂടുതൽ വിശദീകരണമില്ല. ഇതടക്കം അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്പിക്ക് നിർദേശം. ഒരു വസ്തുതാവിവരണ റിപ്പോർട്ട് മാത്രമായി എസ്പിയുടെ റിപ്പോർട്ട് ഒതുങ്ങി എന്നാണ് ഡിജിപി ചൂണ്ടിക്കാട്ടുന്നത്.