82-ാം വയസിലും തലച്ചുമടുമായി മലയാറ്റൂർ കുരിശുമുടി കയറി മറിയം
പാറക്കെട്ടുകളും ഉരുളൻ കല്ലുകളും നിറഞ്ഞ വഴിയിലൂടെ വടി കുത്തിപ്പിടിച്ചു മറിയത്തിന്റെ യാത്ര തീർഥാടകർ അതിശയത്തോടെ നോക്കി നിൽക്കും
കൊച്ചി: 82-ാം വയസിലും തലച്ചുമടുമായി മലയാറ്റൂർ കുരിശുമുടി കയറുകയാണ് മറിയം. കഴിഞ്ഞ 70 വർഷമായി കുരിശുമുടിയിലേക്ക് മറിയം തലച്ചുമടായി സാധനങ്ങൾ എത്തിക്കുന്നുണ്ട്. പാറക്കെട്ടുകളും ഉരുളൻ കല്ലുകളും നിറഞ്ഞ വഴിയിലൂടെ വടി കുത്തിപ്പിടിച്ചു മറിയത്തിന്റെ യാത്ര തീർഥാടകർ അതിശയത്തോടെ നോക്കി നിൽക്കും.
പന്ത്രണ്ടാം വയസിൽ അമ്മയുടെ സഹായിയായി മലകയറിതുടങ്ങിയതാണ് മറിയം. കുരിശുമുടി പള്ളിയുടെ പുനർ നിർമാണത്തിനുള്ള മണലും സിമന്റുമാണ് അന്ന് ചുമന്നത്. 70 വർഷങ്ങൾക്കിപ്പുറവും മറിയം മലകയറുന്നുണ്ട്. ദിവസത്തിൽ മൂന്നും നാലും തവണ മലകയറിയിരുന്നത് പ്രായമായതോടെ ഒരു തവണയാക്കി കുറച്ചുവെന്ന് മാത്രം. പൊന്നിൻ കുരിശ് മുത്തപ്പോ പൊന്മല കയറ്റം എന്നുരുവിട്ടാൽ ചുമടിന് ഭാരം അറിയില്ലെന്നാണ് മറിയം പറയുന്നത്.
മലമുകളിലെ ചുമടു കയറ്റം കഴിഞ്ഞ് തൊഴിലുറപ്പ് തൊഴിലിനും കുടുംബശ്രീയുടെ പണികൾക്കും പോകും. 82 ാം വയസിലും ചുറുചുറുക്കോടെ മലകയറുന്ന മറിയം കുരിശുമുടിയിലെത്തുന്ന വിശ്വാസികൾക്ക് മലകയറാൻ ആത്മവിശ്വാസവും ഊർജവും നൽകുന്നുണ്ട്.