ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ് വിചാരണയിലേക്ക്; തിയതി ഇന്ന് തീരുമാനിച്ചേക്കും
കേസിലെ രണ്ടാം പ്രതിയായ ആൻ്റണി രാജു സുപ്രി കോടതിയുടെ നിർദേശപ്രകാരം ഇന്ന് വിചാരണക്കോടതിയിൽ ഹാജരാകണം
തിരുവനന്തപുരം: മുൻമന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ് വിചാരണയിലേക്ക് കടക്കാനൊരുങ്ങുന്നു. കേസിലെ രണ്ടാം പ്രതിയായ ആൻ്റണി രാജു സുപ്രി കോടതിയുടെ നിർദേശപ്രകാരം ഇന്ന് വിചാരണക്കോടതിയിൽ ഹാജരാകണം. കേസിന്‍റെ വിചാരണത്തീയതി ഇന്ന് നെടുമങ്ങാട് കോടതി തീരുമാനിച്ചേക്കും.
ലഹരിക്കേസ് പ്രതിയായ വിദേശിയെ രക്ഷിച്ചെടുക്കാൻ തൊണ്ടിയായ അടിവസ്ത്രം വെട്ടിത്തയ്ച്ച് ചെറുതാക്കിയെന്ന കേസിന് 34 വർഷത്തെ ചരിത്രമുണ്ട്. ഒടുവിൽ സുപ്രിം കോടതിയുടെ ഇടപെടൽ വഴിയാണ് തൊണ്ടിമുതൽ കേസിന് വീണ്ടും ജീവൻ വെച്ചത്. അടുത്ത ഒരു വർഷത്തിനുള്ളിൽ കേസിന്‍റെ വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രിം കോടതിയുടെ നിർദേശം. വിചാരണത്തിയതി തീരുമാനിക്കുന്നതിന്‍റെ ഭാഗമായി സുപ്രിം കോടതിയുടെ നിർദേശത്തെത്തുടർന്ന് കേസിലെ ഒന്നാം പ്രതിയായ കോടതിയിലെ മുൻ ക്ലാർക്ക് കെ.എസ് ജോസ്, രണ്ടാം പ്രതിയും എം.എൽ.എയും മുൻ മന്ത്രിയുമായ ആൻ്റണി രാജു എന്നിവർ ഇന്ന് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായേക്കും. പ്രതികൾ ഇന്ന് ഹാജരായാൽ വിചാരണത്തീയതി ഇന്നുതന്നെ കോടതി തീരുമാനിക്കും.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍, തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചെന്നാണ് കേസ്. തുടർന്ന് ഇത് വ്യാജ തൊണ്ടിയാണെന്നുള്ള വാദം കണക്കിലെടുത്ത കോടതി, വിദേശിയെ വെറുതെവിട്ടു. എന്നാൽ 1994-ല്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. ഇതിൽ കുറ്റപത്രം നൽകാൻ തന്നെ 12 വർഷമെടുത്തു. കോടതിയില്‍ സൂക്ഷിച്ചിരുന്ന അടിവസ്ത്രം ക്ലര്‍ക്കിന്‍റെ സഹായത്തോടെ വാങ്ങിയ അന്നത്തെ അഭിഭാഷകനായ ആന്‍റണി രാജു അത് വെട്ടിച്ചെറുതാക്കിയെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി കുറ്റപത്രത്തിലുണ്ട്.
ഗൂഢാലോചന, രേഖകളില്‍ കൃത്രിമം, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. 2006-ൽ കോടതിയിലെത്തിയ കേസ് വീണ്ടുമൊരു 16 വർഷം വിചാരണയില്ലാതെ ഇരുന്നു. തുടര്‍ന്ന് ഇടപെടൽ നടത്തിയ ഹൈക്കോടതി, കേസ് പുനരന്വേഷിക്കാന്‍ കഴിഞ്ഞവർഷം ഉത്തരവിട്ടു. ഇതിനെതിരെ ആന്‍റണി രാജു സുപ്രിം കോടതിയിൽ പോയെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു.