മുൻ ഭർത്താവിന്റെ ക്രൂരമർദനമേറ്റ് ചികിത്സയിൽ കഴിയവേ വനിതാ ഡോക്ടർക്ക് വീണ്ടും വധഭീഷണി
ചുറ്റിക ഉപയോഗിച്ചുള്ള അടിയിൽ തലക്ക് ആഴത്തിൽ മുറിവേറ്റ യുവതി, അപകടനില തരണം ചെയ്തു
മലപ്പുറം: മുൻ ഭർത്താവിന്റെ ക്രൂരമർദനമേറ്റ് ചികിത്സയിൽ കഴിയുന്ന വനിതാ ഡോക്ടർക്ക് വീണ്ടും വധഭീഷണിയെന്ന് പരാതി. മലപ്പുറം വണ്ടൂർ സ്വദേശി അദീലയാണ് വധശ്രമത്തിനിരയായത്. പ്രതി വീണ്ടും മകളെ ആക്രമിക്കുമെന്ന് ഭയക്കുന്നതായി മാതാവ് പറഞ്ഞു.
ഈ മാസം ഒന്നാം തിയ്യതി വൈകിട്ട് നാലു മണിയോടെയാണ് വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ മുൻ ഭർത്താവ് വധിക്കാൻ ശ്രമിച്ചത്. ചുറ്റിക ഉപയോഗിച്ചുള്ള അടിയിൽ തലക്ക് ആഴത്തിൽ മുറിവേറ്റ യുവതി, അപകടനില തരണം ചെയ്തെങ്കിലും നടുക്കുന്ന ഓർമകളിൽ നിന്ന് ഇപ്പോഴും മുക്തയായിട്ടില്ല.
വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്ന മലപ്പുറം വണ്ടൂർ സ്വദേശി അദീലയെ താമസ സ്ഥലത്ത് രക്തത്തിൽ കുളിച്ച നിലയിൽ കണ്ട പരിസരവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. വധിക്കാൻ ശ്രമിച്ച ഇവരുടെ മുൻ ഭർത്താവ് മലപ്പുറം വണ്ടൂർ സ്വദേശി കമറുദ്ദിനെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഇപ്പോഴും മരണഭീതി അകന്നിട്ടില്ലെന്ന് അദീലയുടെ കുടുംബം പ്രതികരിച്ചു.
അദീലയെ കൊല്ലുമെന്ന് കമറുദ്ദീൻ വാട്സ് ആപ്പിൽ സുഹൃത്തുക്കൾക്ക് അയച്ച വോയ്സ് മെസേജ് പൊലീസിന് ലഭിച്ചിട്ടുണ്ട്. തലയിൽ ഗുരുതര പരിക്കുകളുള്ള 24കാരി സുഖം പ്രാപിക്കാൻ ഇനിയും മാസങ്ങളെടുക്കുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.