രാഷ്ട്രീയ പ്രവർത്തനം പൂർണമായും നിർത്തിയെന്ന് എസ് രാജേന്ദ്രൻ

സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന രാജേന്ദ്രനെ കഴിഞ്ഞ ദിവസമാണ് ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

Update: 2022-01-29 09:48 GMT
Editor : abs | By : Web Desk
Advertising

രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയതായി ദേവികുളം മുന്‍ എം എല്‍ എയും സി പി എം നേതാവുമായിരുന്ന എസ് രാജേന്ദ്രന്‍. ഇനിയും ഉയര്‍ന്നുവരാന്‍ നേതാക്കളുണ്ട്. അവരുടെ അവസരം തട്ടിക്കെടുത്താനാകില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു. എന്താണ് പാർട്ടി എന്ന് അറിയാത്ത കാലത്ത് കൂടിയതാണ് സിപിഎമ്മിനൊപ്പം അങ്ങനെയുള്ള തനിക്ക് മറ്റൊരു പാർട്ടിയിൽ പോവാനാവില്ലെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേർത്തു. 

സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന രാജേന്ദ്രനെ കഴിഞ്ഞ ദിവസമാണ് ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയെ നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി. രാജേന്ദ്രനെതിരെ കടുത്ത നടപടി വേണമെന്ന ഇടുക്കി ജില്ലാഘടകത്തിന്‍റെ ശിപാർശ സംസ്ഥാനസെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. എന്നാൽ നടപടി തന്നെ അറിയിച്ചിട്ടില്ലെന്നായിരുന്നു എസ് രാജേന്ദ്രന്റെ പ്രതികരണം.

ദേവീകുളത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എ രാജ 10000 ത്തോളം വോട്ടുകള്‍ക്ക് ജയിക്കുമെന്നായിരിന്നു സിപിഎമ്മിന്‍റെ കണക്ക് കൂട്ടല്‍. എന്നാല്‍ ഭൂരിപക്ഷം 7800 ലേക്ക് ചുരുങ്ങി. ഇതോടെയാണ് മൂന്ന് തവണ എംഎല്‍എ ആയിരുന്ന എസ് രാജേന്ദ്രനെതിരെ അന്വേഷണം നടത്താന്‍ പാര്‍ട്ടി, കമ്മീഷനെ നിയോഗിച്ചത്. എ.രാജയെ തോല്‍പ്പിക്കാന്‍ നോക്കിയെന്ന ആരോപണത്തില്‍ ബ്രാഞ്ച് തലം മുതലുള്ള പ്രവർത്തകരും രാജേന്ദ്രനെതിരെ പാർട്ടിക്ക് പരാതി നൽകിയിരുന്നു.

അടിമാലി, മറയൂര്‍, മൂന്നാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചു. മാത്രമല്ല, പ്രചരണപരിപാടിയില്‍ രാജയുടെ പേര് പോലും പറഞ്ഞില്ല, ജാതി പറഞ്ഞ് എ രാജയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നു എന്നതടക്കമുള്ള കാര്യങ്ങളാണ് കമ്മീഷന്‍ കണ്ടെത്തിയത്. ജില്ലാസെക്രട്ടറിയേറ്റും, ജില്ലാ കമ്മിറ്റിയും കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് രാജേന്ദ്രനെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കി. ഇതാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാനസെക്രട്ടറിയേറ്റ് അംഗീകരിച്ചത്. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News