ചുട്ടുപൊള്ളി കേരളം: നാലു ജില്ലകളിൽ കൊടുംചൂട്; ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത
സംസ്ഥാനത്തെ ഹീറ്റ് ഇൻഡക്‌സ് (താപസൂചിക ) പ്രസിദ്ധീകരിച്ചതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്
തിരുവനന്തപുരം: ചുട്ടുപൊള്ളി കേരളം. തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ എന്നീ ജില്ലകളിൽ അനുഭവപ്പെടുന്നത് കൊടുംചൂട്. വിവിധ ജില്ലകളിൽ സൂര്യാഘാത സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിരിക്കുകയാണ്. കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത സാധ്യത. സംസ്ഥാനത്തെ ഹീറ്റ് ഇൻഡക്‌സ് (താപസൂചിക ) പ്രസിദ്ധീകരിച്ചതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. താപനിലയും ഈർപ്പവും ചേർന്നുള്ള ഹീറ്റ് ഇൻഡകസാണ് തയ്യാറാക്കിയത്.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ മലയോര മേഖലകളിൽ അനുഭവവേദ്യമാകുന്ന ചൂട് 54 ഡിഗ്രി സെൽഷ്യസിന് മുകളിലാണെന്നും ഇൻഡക്‌സിൽ പറഞ്ഞു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിൽ 45 ഡിഗ്രിക്ക് മുകളിൽ ചൂട് അനുഭവപ്പെട്ടേക്കും. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെ ബാക്കി എല്ലായിടത്തും 40 നും 45 നും ഇടക്കാണ് താപസൂചികയെന്നും പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്ന ജില്ലകളിലൊന്നായ വയനാട്ടിലും പകൽ സമയങ്ങളിലിപ്പോൾ കടുത്ത ചൂടാണനുഭവപ്പെടുന്നത്. അന്തരീക്ഷത്തിലെ ജല ബാഷ്പീകരണ തോതും മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ് വയനാട്ടിൽ.
കോടമഞ്ഞിനും കുളിരിനും പേരുകേട്ട വയനാട്ടിൽ ആഴ്ചകളായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ കണക്ക് പ്രകാരം താപനിലയിൽ മുൻവർഷത്തെക്കാൾ വലിയ വർദ്ധനവുണ്ടായി. ഫെബ്രുവരിയിൽ തന്നെ താപനില 31.8 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു.
മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട് ജില്ലയിൽ ബാഷ്പീകരണതോതും ഉയർന്ന് നിൽക്കുകയാണ്. ഈ മാസം ഇതുവരെ മാത്രം ഒമ്പതോളം സ്ഥലങ്ങളിൽ കാട്ടു തീ പടർന്നു. വേനൽ മഴ വൈകിയാൽ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നാണ് സൂചന. കുടിവെള്ള ക്ഷാമവും ജില്ലയിൽ രൂക്ഷമാണ്.
Extreme heat in four districts of Kerala, Risk of sunstroke in seven districts