വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
എല്ലാ ചോദ്യങ്ങൾക്കു മറുപടി നൽകിയെന്നും ആര് വിളിച്ചാലും തനിക്ക് നെഞ്ചുവേദന ഉണ്ടാവില്ലെന്നും രാഹുല്‍ പറഞ്ഞു
തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യംചെയ്യൽ പൂർത്തിയായി. മൂന്നര മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യല്‍.
സംസ്ഥാനത്ത് നടക്കുന്ന യൂത്ത് കോൺഗ്രസിന്റെ എല്ലാ പ്രവൃത്തികൾക്കും തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും താൻ അതിൽ നിന്നും ഒഴിഞ്ഞുമാറിയിട്ടില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം രാഹുൽ പറഞ്ഞു. 'അന്വേഷണത്തോട് താൻ സഹകരിക്കുന്നുണ്ട്. അത് എന്‍റെ ധാർമിക ഉത്തരവാദിത്തമാണ്'. അദ്ദേഹം കൂട്ടിച്ചേർത്തു.
'കേസിനെ രാഷ്ട്രീയമായി നേരിടുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും രാഹുൽ പറഞ്ഞു. ഞാൻ ഒരു നിയമപ്രതിരോധവും നടത്തുന്നില്ല. എല്ലാ ചോദ്യങ്ങൾക്കു മറുപടി നൽകി. ആര് വിളിച്ചാലും എനിക്ക് നെഞ്ചുവേദന ഉണ്ടാവില്ല. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടില്ല. എന്റെ മൊഴിയെടുപ്പാണ് നടന്നത്. ചോദ്യം ചെയ്യലല്ല. അടൂരിൽ നിന്ന് താൻ വന്നതിനുള്ള യാത്രാച്ചിലവ് പൊലീസ് നൽകേണ്ടതാണ്. പക്ഷേ എനിക്കത് വേണ്ട. ചോദ്യം ചെയ്യലായി ഇത് ചിത്രീകരിക്കുന്നത് മാധ്യമങ്ങളാണ്. പൊലീസ് ഇക്കാര്യം എന്നോട് പറഞ്ഞിട്ടില്ല. ഒളിവിലുള്ള പ്രതി എവിടെയുണ്ടെന്ന് എനിക്കറിയില്ല. കെ.പി.സി.സി ഇതുവരെ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല'. പക്ഷേ താൻ തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞെന്നും രാഹുൽ കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് വ്യാപകമായി തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ നിർമിച്ചതായി സംസ്ഥാന പൊലീസ് മേധാവി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്കു നൽകിയ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇന്നു രാവിലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ ഹാജരായത്.
എം. വിൻസെന്റ് എം.എൽ.എയുടെ കാറിലാണ് അദ്ദേഹം എത്തിയത്. കേസിലെ നാലു പ്രതികളും സ്റ്റേഷനിലെത്തി. കേസിലെ രാഷ്ട്രീയ അജണ്ടയെ കൃത്യമായി രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. നിയമപരമായി തന്നെ ഇന്ന് സ്റ്റേഷനിൽ ഹാജരാകാതിരിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, കേസിൽ തനിക്ക് ഒളിക്കാനും മറക്കാനും ഒന്നുമില്ലാത്തതുകൊണ്ടാണ് പൊലീസിന്റെ വേട്ടയോട് ആ രീതിയിൽ തന്നെ പ്രതികരിക്കുക എന്ന ലക്ഷ്യത്തോടെ എത്തിയത്.
ഒരു തെളിവുമില്ലാതെ കേസിൽ പ്രതിചേർത്താൽ ഇവിടെ കോടതിയുണ്ടല്ലോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, കേസിൽ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പൊലീസ് പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാനത്ത് വ്യാപകമായി തിരിച്ചറിയൽ കാർഡ് നിർമിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വിവിധ ആപ്പുകളുടെ സഹായത്തോടെയാണ് ഇതു നിർമിച്ചത്. ഇതിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്. ഈ കാർഡുകൾ പൊതുതെരഞ്ഞെടുപ്പിൽ ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.