കല്യാശ്ശേരിയിലെ കള്ളവോട്ട്: വോട്ട് അസാധുവാക്കുമെന്ന് കലക്ടർ
വയോധികയുടെ വോട്ട് സി.പി.എം നേതാവ് രേഖപ്പെടുത്തിയെന്നാണ് ആരോപണം
Update: 2024-04-19 13:27 GMT
തിരുവനന്തപുരം: കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ വീട്ടിലെ വോട്ടിൽ കള്ളവോട്ട് ചെയ്‌തെന്ന പരാതിയിൽ റീ പോൾ സാധ്യമല്ലെന്ന് കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ. വോട്ട് അസാധുവാക്കും. ഇതുപോലെയുള്ള സംഭവം ഒരിടത്തും ആവർത്തിക്കാൻ പാടില്ലെന്നും കലക്ടർ പറഞ്ഞു. പരാതിയിൽ പൊലീസ് ആറ് പേർക്കെതിരെ കേസെടുത്തിരുന്നു.
സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേഷാണ് ഒന്നാം പ്രതി. അഞ്ച് പോളിങ് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. കണ്ണൂർ കണ്ണപുരം പൊലീസാണ് കേസെടുത്തത്.
വോട്ടറുമായി യാതൊരു ബന്ധവുമില്ലാത്ത ഗണേശൻ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഇതിന് സാക്ഷികളായ ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. കള്ളവോട്ട് ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.