എന്‍റെ ചികിത്സക്കായി പിരിച്ച നാലര ലക്ഷം രൂപ ഭാര്യയുടെ കയ്യിലുണ്ട്, അത് പലിശയ്ക്ക് കൊടുക്കലാണ് അവളുടെ ജോലി; മര്‍ദനമേറ്റ കുട്ടിയുടെ പിതാവ്
ഭാര്യയുടെ പീഡനം സഹിക്കവയ്യാതെ കുട്ടിയെ വേറൊരു സ്കൂളിലേക്ക് മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മ കുട്ടിയെ മർദിച്ച സംഭവത്തിൽ നീതി കിട്ടുന്നില്ലെന്ന് പിതാവ്. കോവളം പൊലീസിൽ നൽകിയ പരാതി അവഗണിക്കുകയാണ്. പൊലീസുകാർ കുട്ടിയുടെ അമ്മയെ സഹായിക്കുകയാണെന്നും പിതാവ് പറഞ്ഞു.
പിതാവ് പറയുന്നത് ഇങ്ങനെ
നാലു വര്‍ഷത്തോളമായി അമ്മ കുട്ടിയെ ഉപദ്രവിക്കുന്നു. ഭാര്യയുടെ പീഡനം സഹിക്കവയ്യാതെ കുട്ടിയെ വേറൊരു സ്കൂളിലേക്ക് മാറ്റി. അങ്ങനെ വന്നപ്പോള്‍ എന്നെയും അവന്‍റെയും പിരിഞ്ഞിരിക്കുന്നതുകൊണ്ട് വിഷമമായി. സ്കൂളില്‍ പോകാതെയായി. ആകെ മാനസിക പ്രശ്നമായി. പിന്നീട് നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് മകന്‍ ട്യൂഷന് പോകാന്‍ തുടങ്ങിയപ്പോള്‍ ഭാര്യ വീണ്ടും പ്രശ്നമുണ്ടാക്കി. ക്ലാസ് വിട്ടുകഴിഞ്ഞാല്‍ അവള്‍ അവനെ വീട്ടില്‍ കയറ്റില്ല. ഭയങ്കര ചീത്തവിളി. ഉപദ്രവിക്കും. കയ്യിലിരിക്കുന്ന സാധനം എന്താണ് അതുവച്ച് അവനെ എറിയും. ഇളയ കൊച്ചിനെയും നന്നായി ഉപദ്രവിക്കുന്നുണ്ട്. കുട്ടിയെ ഹോസ്റ്റലിലാക്കുമെന്ന് പേടിച്ചാണ് അതൊന്നും പറയാത്തത്. കൊച്ചിനെ ഹോസ്റ്റലിലാക്കി എന്നെയും മോനെയും പുറത്താക്കി സ്ഥലവും വിറ്റുപോവുക എന്നതാണ് അവളുടെ ലക്ഷ്യം.
ഏഴു വര്‍ഷമായി ഡയാലിസിസ് ചെയ്യുന്ന രോഗിയാണ് ഞാന്‍. നാട്ടുകാരെല്ലാം കൂടി പിരിച്ചു തന്ന നാലു നാലര ലക്ഷം രൂപ അവളുടെ കയ്യിലുണ്ട്. ഈ പൈസ പലിശയ്ക്കു കൊടുക്കലാണ് ഇവളുടെ ജോലി. രാഷ്ട്രീയ സ്വാധീനം ഉള്ളതുമൂലം ഞങ്ങള് കേസു കൊടുത്താലും പ്രയോജനമില്ല. അഞ്ചോളം കേസുകള്‍ കോവളം സ്റ്റേഷനില്‍ കൊടുത്തിട്ടുണ്ട്. ഒരു നടപടിയുമുണ്ടായില്ല.