'കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തള്ളിയിട്ടു'; ടി.ടി.ഇ വിനോദിന്റെ കൊലപാതകത്തിൽ പൊലീസ് എഫ്.ഐ.ആർ പുറത്ത്
ചൊവ്വാഴ്ച വൈകീട്ടാണ് ടി.ടി.ഇ ആയ വിനോദ് കണ്ണനെ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊന്നത്.
തൃശൂർ: ടി.ടി.ഇ വിനോദിന്റെ കൊലപാതകത്തിൽ പൊലീസ് എഫ്.ഐ.ആർ പുറത്ത്. വിനോദിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ട്രെയിനിൽനിന്ന് തള്ളിയിടുകയായിരുന്നു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പിന്നിൽനിന്ന് തള്ളിയിടുകയായിരുന്നു. പിഴയടക്കാൻ ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും എഫ്.ഐ.ആറിൽ പറയുന്നു.
ഇന്നലെ വൈകീട്ടോടെയാണ് വിനോദ് കണ്ണനെ ഇതര സംസ്ഥാന തൊഴിലാളിയായ രജനീകാന്ത് ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഇയാൾ സ്ഥിരം മദ്യപാനിയാണെന്നാണ് വിവരം. കുന്നംകുളത്തെ ഹോട്ടലിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്.
തിരുവനന്തപുരം സ്വദേശിയായ വിനോദ് 1992 മുതൽ എറണാകുളത്താണ് താമസം. അടുത്തിടെയാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ജനുവരി 28-നായിരുന്നു പുതിയ വീടിന്റെ പാലുകാച്ചൽ. ഫെബ്രുവരി നാലിന് അമ്മയോടൊപ്പം താമസം തുടങ്ങി. നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഏറെ പ്രിയപ്പെട്ടവനാണ് വിനോദ്. എല്ലാവരോടും അടുത്ത സ്‌നേഹബന്ധം കാത്തുസൂക്ഷിച്ചിരുന്ന വിനോദിന്റെ ദാരുണമായ മരണവാർത്ത കേട്ട ഞെട്ടലിലാണ് ഇവർ.
നാൽപതോളം സിനിമകളിലും വിനോദ് അഭിനയിച്ചിട്ടുണ്ട്. ഗ്യാങ്‌സ്റ്റർ, വില്ലാളിവീരൻ, പുലിമുരുകൻ, ഒപ്പം, വിക്രമാദിത്യൻ, ഹൗ ഓൾഡ് ആർ യു, എന്നും എപ്പോഴും, പെരുച്ചാഴി തുടങ്ങിയ സിനിമകളിലാണ് വിനോദ് വേഷമിട്ടത്.