തൃശൂരിൽ കുമ്മാട്ടി മഹോത്സവത്തിനിടെയുണ്ടായ കൊലപാതകത്തിൽ അഞ്ച് പ്രതികൾ പിടിയിൽ
കണിമംഗലത്ത് ഗുണ്ടാ നേതാവ് കരുണാമയനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
തൃശൂർ: തൃശൂർ മൂർഖനിക്കരയിൽ കുമ്മാട്ടി മഹോത്സവത്തിനിടെയുണ്ടായ കൊലപാതകത്തിൽ അഞ്ച് പ്രതികൾ പിടിയിൽ. കണിമംഗലത്ത് ഗുണ്ടാ നേതാവ് കരുണാമയനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെയാണ് ഇരുകൊലപാതകങ്ങളും നടന്നത്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് മൂർഖനിക്കര വായനശാലയുടെ കുമ്മാട്ടി ഉൽസവത്തിനിടെ യുവാവിനെ കുത്തി കൊലപ്പെടുത്തിയത്. മുളയം സ്വദേശിയായ അഖിലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അഖിലിൻറെ സുഹൃത്ത് ജിതിന് പരിക്കേൽക്കുകയും ചെയ്തു. കൊഴുക്കുള്ളി സ്വദേശികളായ അനന്തകൃഷ്ണൻ, അക്ഷയ്, ശ്രീരാജ്, ജിഷ്ണു, വിശ്വജിത്ത് എന്നിവരാണ് കേസിൽ പൊലീസ് പിടിയിലായത്.
വിശ്വജിത്തിന്റെ സഹോദരൻ കൂടിയായ പ്രധാന പ്രതി ബ്രഹ്മജിത്ത് ഒളിവിലാണ്. കുമ്മാട്ടി ഉത്സവത്തിനിടെ നൃത്തം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികളുടെ നാട്ടിൽ വന്ന് അഖിൽ നൃത്തം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയത്. തൃശൂർ കണിമംഗലത്ത് ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് ഗുണ്ടാ നേതാവ് കൂടിയായ കരുണാമയൻ എന്ന വിഷ്ണു കൊല്ലപ്പെട്ടത്.
മൂന്ന് അംഗ സംഘമാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. കണിമംഗലത്തെ റെയിൽവേ പാളത്തിന് സമീപം അപകടത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയെന്നാണ് ഇവർ ആശുപത്രി അധികൃതരെ അറിയിച്ചത്. ഇവരെ മൂന്നു പേരെയും നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെട്ട കരുണാമയൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അന്തിക്കാട് മുറ്റിച്ചൂരിൽ സുഹൃത്തിന്റെ കുത്തേറ്റ യുവാവും ഗുരുതരാവസ്ഥയിലാണ്. സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ മുറ്റിച്ചൂർ സ്വദേശി നിമേഷിനാണ് കുത്തേറ്റത്.