'മന്ത്രി റിയാസിന് 98,000 രൂപ കൈക്കൂലി; സർക്കാരിൽനിന്നു ലഭിക്കാന്‍ 64 കോടി'-മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി 61 ലക്ഷം തട്ടിയെന്ന് പരാതി

ലാപ്ടോപ്പും മൊബൈൽ ഫോണും സർവീസ് ചെയ്യാന്‍ നല്കിയ പരിചയമാണ് മുതുതല സ്വദേശിയായ ഇരയ്ക്ക് ആനന്ദ് രാമക്യഷ്ണനുമായുണ്ടായിരുന്നത്

Update: 2024-07-16 02:20 GMT
Editor : Shaheer | By : Web Desk
Advertising

പാലക്കാട്: മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും പേരിൽ വ്യാജ രേഖയുണ്ടാക്കി തട്ടിപ്പ്. പാലക്കാട് സ്വദേശി ആനന്ദ് രാമകൃഷ്ണനാണ് സർക്കാരിൽനിന്ന് 64 കോടി രൂപ ലഭിക്കാനുണ്ടെന്നു വരുത്താൻ മുഖ്യമന്ത്രിയുടെ ലെറ്റർ ഹെഡിന്റെ വ്യാജ പകർപ്പ് ചമച്ചത്. മന്ത്രി മുഹമ്മദ് റിയാസിന് 98,000 രൂപ കൈക്കൂലി നല്കിയെന്ന വ്യാജ സ്ക്രീന്ഷോട്ടും ഇയാളുണ്ടാക്കിയിരുന്നു. മോർഫിങ് വിഡിയോയുടെ പേരില്‍ പ്രതി 61 ലക്ഷം രൂപ തട്ടിയെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

മോർഫിങ് വിഡിയോയില്‍ സഹായിക്കാമെന്നു പറഞ്ഞു ലക്ഷങ്ങള്‍ തട്ടിയെടുക്കുക. അത് തിരികെനല്കാമെന്ന് ഉറപ്പുവരുത്താനായി തനിക്ക് സർക്കാരില്‍നിന്ന് 64 കോടി കിട്ടാനുണ്ടെന്ന് പറയുക. വിശ്വസിപ്പിക്കാനായി മുഖ്യമന്ത്രിയുടെ ലെറ്റർ ഹെഡിന്റെ വ്യാജപകർപ്പുണ്ടാക്കി കാണിക്കുക. പാലക്കാട്ട് നടന്നത് തട്ടിപ്പിന്‍റെ പുതിയ വേർഷനാണ്.

ലാപ്ടോപ്പും മൊബൈൽ ഫോണും സർവീസ് ചെയ്യാന്‍ നല്കിയ പരിചയമാണ് മുതുതല സ്വദേശിയായ ഇരയ്ക്ക് ആനന്ദ് രാമക്യഷ്ണനുമായുള്ളത്. ഒരു ദിവസം അജ്ഞാതനമ്പറിൽ നിന്ന് ഇരയ്ക്ക് തന്റെ അമ്മയുടെയും സഹോദരിയുടെയും മോർഫ് ചെയ്ത ദൃശ്യങ്ങൾ ലഭിച്ചു. എന്തു ചെയ്യണമെന്നറിയാന്‍ സാങ്കേതിക കാര്യങ്ങളില്‍ ധാരണയുള്ള ആനന്ദിനെ ഇയാള്‍ സമീപിച്ചു. ഹാക്കർമാരാണ് ഇതിനു പിന്നിലെന്ന് വിശദീകരിച്ച ആനന്ദ് പ്രശ്നം പരിഹരിക്കാനെന്ന് പറഞ്ഞ് പല ഘട്ടങ്ങളിലായി 61 ലക്ഷം തട്ടിയെടുത്തു.

കബളിക്കപ്പെട്ടെന്നു തിരിച്ചറിഞ്ഞ ഇര പണം തിരികെ ചോദിച്ചപ്പോഴാണ് ആനന്ദ് രാമകൃഷ്ണന്‌ പുതിയ തട്ടിപ്പ് ഇറക്കിയത്. തനിക്ക് 64 കോടി രൂപ സർക്കാരില്‍നിന്നു പാസായെന്നും അത് ലഭിച്ചാലുടന്‍ പണം തിരികെ നല്കാമെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ വ്യാജ ലെറ്റർഹെഡിലുണ്ടാക്കിയ കത്താണ് തെളിവായി ആനന്ദ് കാണിച്ചത്.

ധനകാര്യ ജോയിന്‍റ് സെക്രട്ടറിയുടെ പേരിലും വ്യാജരേഖ നിര്‍മിച്ചിരുന്നു ഇയാൾ. അതിനിടെ, തുക വേഗം ലഭിക്കുന്നതിന് കൈക്കൂലിയായി മന്ത്രി റിയാസിന് 98,000 രൂപ ഫോണ്‍ പേയിലൂടെ അയച്ച് നൽകിയെന്നു പറഞ്ഞ വ്യാജ സ്ക്രീൻ ഷോട്ടും ആനന്ദ് കാണിച്ചു. രേഖകളെല്ലാം വ്യാജമെന്ന് മനസിലാക്കിയ ഇര പട്ടാമ്പി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് നടപടിയിലേക്ക് കടന്നിട്ടില്ല.

Full View

Summary: It is reported that a fraud of lakhs has been committed in Palakkad by forging documents in the name of the Chief Minister and the Minister of Public Works

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News