വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച കേസ്: സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി പിടിയിൽ
വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഷാജഹാനെ സി.പി.എം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു
പാലക്കാട്: കൊടുമ്പിൽ അയൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച കേസിൽ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ഷാജഹാനെ തമിഴ്നാട്ടിൽ നിന്നാണ് പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട വീട്ടമ്മ ബഹളം വെച്ചപ്പോൾ ഷാജഹാൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീണു. ഇത് പരിശോധിച്ചപ്പോഴാണ് കുളിമുറിയുടെ സമീപം ഉണ്ടായിരുന്നത് ഷാജഹാനാണെന്ന് വ്യക്തമായത്. സഹായത്തിനായി യുവതി ഷാജഹാനെയാണ് ഫോണിൽ വിളിച്ചത്. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഷാജഹാനെ സി.പി.എം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.
പിടിക്കപെടുമെന്ന് ഉറപ്പായതോടെ ഷാജഹാൻ തമിഴ്നാട്ടിലേക്ക് രക്ഷപെട്ടിരുന്നു. തുടർന്ന് ഷാജഹാനെ പിടിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജിതമാക്കി. പ്രതി സംസ്ഥാനം വിട്ടതായി അടുത്ത സുഹൃത്തുക്കളിൽ നിന്നാണ് വിവരം ലഭിച്ചത്. ഇതോടെ തമിഴ്നാട് കേന്ദ്രീകരിച്ചായി അന്വേഷണം .തമിഴ്നാട്ടിൽ പ്രതി പോകാൻ ഇടയുള്ള പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയതിന് ഒടുവിലാണ് പിടികൂടിയത്. പ്രതി ഫോൺ ഉപയോഗിക്കാത്തത് അന്വേഷണ സംഘത്തെ കുഴക്കിയിരുന്നു. എന്നാൽ ഷാജഹാന്‍റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.