നാല് വർഷ ബിരുദം എല്ലാ സർവകലാശാലകളിലേക്കും
തിരക്കിട്ട നീക്കവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്
നാല് വർഷ ബിരുദം എല്ലാ സർവകലാശാലകളിലേക്കും വ്യാപിപ്പിക്കാൻ തിരക്കിട്ട നീക്കവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ എല്ലാ വൈസ് ചാന്‍സലര്‍മാരെയും ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനിച്ചു. കഴിഞ്ഞദിവസം ചേർന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ യോഗത്തിലാണ് തീരുമാനം.
അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ എല്ലാ സര്‍വകലാശാലകളിലും നാലു വര്‍ഷ ബിരുദ പ്രോഗ്രാം നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുനഃസംഘടിപ്പിച്ച ശേഷം ചേർന്ന ആദ്യ യോഗത്തിൽ തന്നെ വിഷയം ചർച്ചക്കെടുത്തത്.
സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടെയും വൈസ് ചാൻസലർമാർ യോഗത്തിൽ പങ്കെടുത്തു. വി.സിമാരുടെ നേതൃത്വത്തിൽ വേണം ബിരുദ പ്രോഗ്രാമുകൾ വിപുലീകരിക്കാൻ എന്നതായിരുന്നു പ്രധാന തീരുമാനം. ഇതിനായി പ്രത്യേകം മോണിറ്ററിങ് കമ്മിറ്റികൾ രൂപവത്കരിക്കും.
ഈ കമ്മിറ്റികൾ നിശ്ചയിച്ച് നൽകുന്നത് പ്രകാരമാകും തുടർനടപടി മുന്നോട്ടുപോകുക. ബിരുദ പ്രോഗ്രാമുകളുടെ നടത്തിപ്പ് സംബന്ധിച്ച റിപ്പോര്‍ട്ടും കൗൺസിൽ യോഗത്തിൽ അംഗീകരിച്ചു. വിശാലമായും ലളിതമായും കോഴ്സുകൾ രൂപകല്പന ചെയ്യണം എന്നതാണ് ഉയർന്നുവന്ന പ്രധാന ആവശ്യം.
ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിന്‍റെ ഭാഗമായി 'സ്റ്റഡി ഇന്‍ കേരള' എന്ന പേരിൽ അടുത്ത അക്കാദമിക വർഷം പ്രത്യേക പദ്ധതി ആരംഭിക്കും. ബിരുദം മാറുന്നതോടൊപ്പം വകുപ്പ് നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ് അധ്യാപകരുടെ പരിശീലനം.
നാലുവര്‍ഷ ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമിന്‍റെ കരിക്കുലം പരിഷ്കരിക്കാന്‍ നിയമിച്ച കമ്മിറ്റിക്കും കൗൺസിൽ അംഗീകാരം നൽകി. സിംഗപ്പൂർ നാഷണൽ സർവകലാശാലയുടെ പ്രോ വി.സി ആയിരുന്ന മോഹൻ ബി. മേനോൻ ആണ് കരിക്കുലം കമ്മിറ്റിയുടെ അധ്യക്ഷൻ.