കളമശ്ശേരി കഞ്ചാവ് വേട്ട: എസ്എഫ്ഐയും കെഎസ്‌യുവും വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണം : ഫ്രറ്റേണിറ്റി
വർധിച്ചുവരുന്ന ലഹരി - അക്രമ പ്രവണതകൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പാലക്കാട് ജില്ലാ കമ്മിറ്റി നൈറ്റ് വിജിൽ സംഘടിപ്പിച്ചു
പാലക്കാട്: വർധിച്ചുവരുന്ന ലഹരി - അക്രമ പ്രവണതകൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പാലക്കാട് ജില്ലാ കമ്മിറ്റി നൈറ്റ് വിജിൽ സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത്ത് താനൂർ ഉദ്ഘാടനം ചെയ്‌തു.
കളമശ്ശേരി പോളിയിലെ എസ്എഫ്ഐ, കെഎസ്‌യു നേതാക്കളുടെയും പ്രവർത്തകരുടെയും കൈയിൽനിന്ന് കഞ്ചാവ് കണ്ടെടുത്തത് ഗുരുതരമായ പ്രശ്നമാണെന്നും അവർ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്നും ബാസിത് പറഞ്ഞു. സമൂഹത്തിൽ ഗുരുതരമായ സാമൂഹ്യ പ്രശ്നമായി മാറുന്ന മയക്കുമരുന്ന്, കഞ്ചാവ് ലഹരി മാഫിയ സംഘങ്ങളിൽ നിന്ന് നാടിനെ മോചിപ്പിക്കുക എന്നുള്ളത് മുഴുവൻ വിദ്യാർഥി സമൂഹത്തിന്റെയും ബാധ്യതയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പാലക്കാട് ജില്ലാ പ്രസിഡൻ്റ് ആബിദ് വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുനിൽകുമാർ അട്ടപ്പാടി, പാലക്കാട് മുനിസിപ്പാലിറ്റി കൗൺസിലർ എം. സുലൈമാൻ തുടങ്ങിയവർ അഭിവാദ്യങ്ങൾ അറിയിച്ചു സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റസീന ആലത്തൂർ സ്വാഗതവും വൈസ് പ്രസിഡന്റ് സഹല ഇ.പി നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി പ്രതിഷേധ വര എന്ന പേരിൽ ലഹരി വിരുദ്ധ ചിത്ര രചനയും കയ്യൊപ്പ് ചാർത്തലും നടന്നു.