സിപിഎമ്മിൽ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം; വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പരാതി
കേസ് നടത്തിപ്പിന് നൽകിയ ഫണ്ടിൽ അഞ്ച് ലക്ഷം തട്ടിയെടുത്തുവെന്നാണ് പരാതി
തിരുവനന്തപുരം: സിപിഎമ്മിൽ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം. ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണുവിനായുള്ള രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന പരാതിയിൽ വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ടി രവീന്ദ്രൻ നായർക്കെതിരെ അന്വേഷണം നടത്താനാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. കേസ് നടത്തിപ്പിന് നൽകിയ ഫണ്ടിൽ അഞ്ച് ലക്ഷം തട്ടിയെടുത്തുവെന്നാണ് പരാതി.
2008 ഏപ്രിൽ 1ാം തീയതിയാണ് സിപിഎമ്മിന്റെ വഞ്ചിയൂർ കളക്ട്രേറ്റ് ബ്രാഞ്ച് അംഗമായ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ആർഎസ്എസുമായി ബന്ധമുള്ളവരായിരുന്നു പ്രതികൾ. കേസുമായി ബന്ധപ്പെട്ടും കുടുംബത്തിന് സഹായം നൽകുന്നതുമായി ബന്ധപ്പെട്ടും സിപിഎം ഫണ്ട് പിരിവ് നടത്തിയിരുന്നു. ഏകദേശം പത്ത് ലക്ഷത്തോളം രൂപ കുടുംബത്തിന് പാർട്ടി നൽകുകയും ചെയ്തു.
ഇതിന് ശേഷം നിയമനടപടികൾക്കായി പിരിച്ച തുകയിലാണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്ന് രവീന്ദ്രൻ നായർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ സെക്രട്ടറി വി.ജോയ് തന്നെ തീരുമാനമെടുക്കുകയായിരുന്നു.