എഡിഎമ്മിന്‍റെ മരണം; കണ്ണൂർ കലക്ടർ അരുൺ കെ. വിജയന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും, ഗവർണർ നവീന്‍ ബാബുവിന്‍റെ വീട്ടില്‍
ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ആറ് ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം മൗനം തുടരുകയാണ്
കണ്ണൂര്‍: എഡിഎം നവീൻ ബാബു ജീവനൊടുക്കിയിട്ട് ഇന്ന് ഒരാഴ്ച പൂർത്തിയാകുന്നു. പി.പി ദിവ്യയെ പ്രതി ചേർത്തിട്ടും പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ആറ് ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം മൗനം തുടരുകയാണ് . കണ്ണൂർ കലക്ടർ അരുൺ കെ. വിജയന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് നവീൻ ബാബുവിന്‍റെ വീട് സന്ദർശിക്കും.
ഒൿടോബർ 14 തിങ്കളാഴ്ച, നവീൻ ബാബുവിന്‍റെ മനസ് വാക്കുകൊണ്ട് മുറിവേറ്റ ദിവസം. പിറ്റേന്ന് പുലർച്ചെ നാടുണർന്നത് നവീൻ ബാബുവിന്‍റെ മരണവാർത്ത കേട്ട് .പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ ഒരു മുഴം കയറിൽ നവീൻ ബാബു ജീവിതം അവസാനിപ്പിച്ചു. പ്രതിഷേധങ്ങൾക്കും സമ്മർദങ്ങൾക്കും ഒടുവിൽ ഒക്ടോബർ 17ന് പി പി ദിവ്യ ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പി.പി ദിവ്യയെ ചോദ്യം ചെയ്യാൻ പോലും മടിച്ച് അന്വേഷണ സംഘം.ദിവ്യ തലശ്ശേരി പ്രിൻസിപ്പൽ സെക്ഷൻ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹരജിയിൽ തീരുമാനമാകും വരെ ചോദ്യം ചെയ്യേണ്ട എന്നാണ് രാഷ്ട്രീയ തീരുമാനം. എന്നാൽ പി പി ദിവ്യ ഒളിവിൽ ആണെന്ന ന്യായം പറഞ്ഞു തടി തപ്പുകയാണ് അന്വേഷണസംഘം.
കേസെടുത്ത ശേഷം രണ്ടുതവണ ദിവ്യ കണ്ണൂർ നഗരത്തിൽ വന്നു മടങ്ങിയെങ്കിലും അതൊന്നും പൊലീസ് മാത്രം അറിഞ്ഞില്ല. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ ദിവ്യയെ അപമാനിക്കുന്നുവെന്ന ഭർത്താവ് അജിത്തിന്‍റെ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് കോടതി ഈ മാസം 24 ലേക്ക് മാറ്റിയിട്ടുണ്ട്. അതുവരെ ദിവ്യയെ പൊലീസ് ചോദ്യം ചെയ്യില്ല. സംരക്ഷിക്കില്ലെന്ന് സിപിഎം നേതൃത്വം പ്രഖ്യാപിച്ചിട്ടും പാർട്ടിയുടെ സംരക്ഷണ വലയം പി പി ദിവ്യയ്ക്ക് ചുറ്റുമുണ്ട്. അതിനിടെ കണ്ണൂർ കലക്ടർ അരുൺ കെ. വിജയനിൽ നിന്ന് ഇന്ന് അന്വേഷണസംഘം മൊഴിയെടുക്കും.