ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ ഇടപെട്ട് സർക്കാർ; പെന്‍ഷന്‍ വാങ്ങുന്നവരുടെ വരുമാനം പരിശോധിക്കും
മസ്റ്ററിങ്ങിനൊപ്പം കൃത്യമായ ഇടവേളകളിൽ ഗുണഭോക്താക്കളുടെ വരുമാനമടക്കം വിലയിരുത്താനാണ് സർക്കാർ ആലോചന
തിരുവനന്തപുരം: സാമൂഹിക സുരക്ഷ പെൻഷൻ അനർഹർ കൈപറ്റുന്നത് ഒഴിവാക്കാൻ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ നടത്താൻ സർക്കാർതലത്തിൽ ആലോചന തുടങ്ങി. ബാങ്ക് അക്കൗണ്ട് വഴി ക്ഷേമ പെൻഷൻ ലഭിക്കുന്നവരുടെ അർഹത നിശ്ചിത ഇടവേളകളിൽ പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തിയേക്കും. തദ്ദേശ സ്ഥാപനകളെ ഇതിനായി ചുമതലപ്പെടുത്തണമെന്നാണ് ധനവകുപ്പ് നിർദേശം.
അനർഹർ സാമൂഹിക ക്ഷേമ പെൻഷൻ പട്ടികയിൽ കയറി പറ്റാൻ ഇടയാക്കിയ വീഴ്ചകൾ നേരത്തെ സിഎജി അക്കമിട്ട് നിരത്തി സർക്കാരിന് കൈമാറിയിട്ടുണ്ട്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പുറമേ താൽക്കാലിക ജീവനക്കാരും സാമൂഹിക പെൻഷൻ അനധികൃതമായി കൈപറ്റിയതായി ഇതേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന് കാരണം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരടക്കം വേണ്ടത്ര പരിശോധന നടത്താതാണെന്നായിരുന്നു സിഎജിയുടെ കണ്ടെത്തൽ.
ഒരിക്കൽ നിരസിച്ച അപേക്ഷകൾ വീണ്ടും അപേക്ഷിച്ച് പട്ടികയിൽ ഇടം പിടിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ രേഖകൾ ഒത്തുനോക്കാൻ വേണ്ടത്ര സംവിധാനങ്ങൾ ഇല്ലാത്തതാണ് ഇതിലേക്ക് നയിച്ചത്. ഗുണഭോക്താക്കൾ മരിച്ച ശേഷവും പെൻഷൻ നൽകിയ സംഭവങ്ങളും നിരവധിയാണെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന ധനവകുപ്പ് ഇതുവരെ നടത്തിയ പരിശോധനകളിലും സമാനമായ കണ്ടെത്തലുണ്ട്.
ഇതെല്ലാം പരിഗണിക്കുമ്പോൾ സർക്കാർ ഉദ്യോഗസ്ഥരല്ലാത്ത നൂറ് കണക്കിന് ആളുകളും നിലവിൽ അനർഹമായി ക്ഷേമ പെൻഷൻ കൈപറ്റുന്നുണ്ട്. അതിനാൽ മസ്റ്ററിങ്ങിനൊപ്പം കൃത്യമായ ഇടവേളകളിൽ ഗുണഭോക്താക്കളുടെ വരുമാനമടക്കം വിലയിരുത്താനാണ് സർക്കാർ ആലോചന. തദ്ദേശ സ്ഥാപനങ്ങൾ വഴി താഴെ തട്ടിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് അനർഹരെ ഒഴിവാക്കി നിലവിലെ പട്ടിക കുറ്റമറ്റതാക്കുകയാണ് വഴി. ഇതിനായി പുതിയതായി സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നാണ് ധനവകുപ്പ് നൽകുന്ന സൂചന.