ജി.വി രാജ സ്പോർട്സ് എക്സലന്റ് സെന്റർ പദ്ധതിക്ക് സ്റ്റോപ് മെമ്മോ

കഴക്കൂട്ടം മേനംകുളത്തെ പദ്ധതി നിർമാണം വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ തടഞ്ഞു

Update: 2023-01-19 02:06 GMT
Advertising

തിരുവനന്തപുരം: ജി.വി രാജ സ്പോർട്സ് എക്സലന്റ് സെന്റർ പദ്ധതിക്ക് റവന്യു വകുപ്പിന്റെ സ്റ്റോപ് മെമ്മോ. കഴക്കൂട്ടം മേനംകുളത്തെ പദ്ധതി നിർമാണം വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ തടഞ്ഞു. സർക്കാരിൽ നിന്ന് അനുമതിപത്രമോ ഉത്തരവോ ലഭിച്ചിട്ടുണ്ടെങ്കിൽ മേനംകുളം വില്ലേജ് ഓഫിസിൽ ഹാജരാക്കാനാണ് നിർദേശം.

കായിക രംഗത്ത് തലസ്ഥാനത്തിന് വലിയ നേട്ടമാകുന്ന പദ്ധതിയാണ് ജി.വി.രാജ സ്പോർട്സ് എക്സലന്റ് സെന്റർ പദ്ധതി. കഴക്കൂട്ടം മേനംകുളത്താണ് പദ്ധതിക്കായി സ്ഥലം അനുവദിച്ചിട്ടുള്ളത്. ഒരാഴ്ച മുമ്പാണ് നിര്‍മാണം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് മെമ്മോ നല്‍കിയത്. രേഖകൾ ഹാജരാക്കാതെ നിർമാണം നടത്തിയാൽ സ്പോർട്സ് ഡയറക്ടർക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നും മെമ്മോയിൽ പറയുന്നു. പദ്ധതി നിർമാണം നിർത്തിവെച്ച വില്ലേജ് ഓഫിസറുടെ നടപടിക്കെതിരെ കായിക വകുപ്പ് ഡയറക്ടർ കളക്ടർക്ക് പരാതി നൽകി. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും കായിക വകുപ്പ് രേഖകൾ ഒന്നും ഹാജരാക്കിയിട്ടില്ലെന്നും 28 ഏക്കർ ഭൂമിക്ക് കരം അടച്ചിട്ടില്ലെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.

ഗെയിംസ് വില്ലേജ് പ്രവർത്തിച്ചിരുന്ന 28 ഏക്കറിൽ 18 ഏക്കർ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് സ്പോർട്സ് സെന്റര്‍ പ്രഖ്യാപനം ഉണ്ടായത്. 2019 മാർച്ച് 16ന് പദ്ധതിക്ക് 56.185 കോടി രൂപയുടെ ഭരണാനുമതി നൽകുകയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് കല്ലിടുകയും ചെയ്തു. കിറ്റ്കോ ലിമിറ്റഡിന് ആയിരുന്നു പദ്ധതി നടത്തിപ്പിന്റെ ചുമതല. നാച്ചുറൽ ഫുട്ബോൾ ഗ്രൗണ്ട്, അത്‍ലറ്റിക് ട്രാക്ക്, സിന്തറ്റിക് ഹോക്കി ഗ്രൗണ്ട്, ഇൻഡോർ സ്റ്റേഡിയം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റൽ, കോച്ചുകൾക്കും ഒഫിഷ്യൽസിനുമുള്ള ക്വാർട്ടേഴ്സ്, ശുചിമുറി ബ്ലോക്ക് എന്നിവയാണ് പദ്ധതിയിലുള്ളത്.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News