'ഡൽഹിയിൽ അത്ര മഴയൊന്നും പെയ്തിട്ടില്ല'; ഐ.എ.എസ് അക്കാദമിയിലെ അപകടം അധികാരികളുടെ അനാസ്ഥയെന്ന് ഹാരിസ് ബീരാൻ എം.പി

അപകടത്തിൽ മരിച്ച മലയാളി വിദ്യാർഥി നവീന്റെ പോസ്റ്റ്‍മോർട്ടം നടപടികൾ നാളെ രാവിലെ ആരംഭിക്കും.

Update: 2024-07-28 09:08 GMT
Advertising

ഡൽഹി: സിവിൽ സർവീസ് കോച്ചിങ് സെന്ററിലുണ്ടായ ദുരന്തം മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമെന്ന് ഹാരിസ് ബീരാൻ എം.പി. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് വലിയ അനാസ്ഥയാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും എം.പി പറഞ്ഞു. 

'ഞെട്ടിക്കുന്ന സംഭവമാണിത്. ഡൽഹിയിൽ അത്രമാത്രം മഴയൊന്നും പെയ്തിട്ടില്ല. അധികാരികളുടെ ഉത്തരവാദിത്തമില്ലായ്മയാണ് ഇവിടെ നിഴലിക്കുന്നത്. ഒരു മലയാളി വിദ്യാർഥി മരിച്ചിട്ടുപോലും ആരും തിരിഞ്ഞുനോക്കിയിട്ടില്ല'- ഹാരിസ് ബീരാൻ പറഞ്ഞു.  

അപകടത്തിൽ മരിച്ച മലയാളി വിദ്യാർഥി നവീന്റെ പോസ്റ്റ്‍മോർട്ടം നടപടികൾ നാളെ രാവിലെ 10 മണിക്ക് ആരംഭിക്കുമെന്നും എം.പി വ്യക്തമാക്കി. മൃതദേഹം നാളെ 11 മണിയോടെ വിട്ടുനൽകും. ഇന്ന് വൈകുന്നേരത്തോടുകൂടി നവീന്റെ അമ്മയുടെ സഹോദരൻ ഡൽഹിയിലെത്തും.

ദുരന്തം അധികാരികളുടെ അനാസ്ഥമൂലമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചു. അപകടത്തിന് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.  

മൂന്ന് വിദ്യാര്‍ഥികളായിരുന്നു അപകടത്തില്‍ മരിച്ചത്. എറണാകുളം അങ്കമാലി സ്വദേശിയായ നവീൻ ഡാൽവിനാണ് മരിച്ച മലയാളി വിദ്യാർഥി. യുപി സ്വദേശി ശ്രേയ യാദവ്, തെലങ്കാന സ്വദേശി തനിയ സോണി എന്നിവരാണ് മരിച്ച മറ്റ് രണ്ട് വിദ്യാർഥികൾ. 

സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വലിയ പ്രതിഷേധമാണ് നടന്നത്. വെള്ളം കയറുന്നത് ആദ്യത്തെ സംഭവമല്ലെന്നും അനധികൃതമായാണ് കോച്ചിങ് സെന്ററിലെ ലൈബ്രറി പ്രവർത്തിക്കുന്നതെന്നും സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്നുമാണ് വിദ്യാർഥികൾ ഉന്നയിച്ച ആവശ്യം. കോച്ചിങ് സെന്റർ ഉടമയെയും കോഡിനേറ്റരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News